സമനിലയിൽ കുടുങ്ങി ഐവറി കോസ്റ്റ്, കോംഗോക്കു ജയം

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കീരീടം നില നിർത്താൻ ഇറങ്ങിയ ഐവറി കോസ്റ്റിനു നിരാശാജനകമായ തുടക്കം. ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ ഐവറി കോസ്റ്റ് ടോംഗോയോട് ഗോൾ രഹിത സമനില വഴങ്ങി. ഒരു പറ്റം താര നിര ഉണ്ടായിരുന്നിട്ടും വിരസമായ മത്സരമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.

ഐവറി കോസ്റ്റിന്റെ ജേഴ്‌സിയിൽ ആദ്യമായി കളിയ്ക്കാൻ ഇറങ്ങിയ ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹ ആയിരുന്നു ഐവറി കോസ്റ്റിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത്. 90 മിനുട്ട് കളിച്ചിട്ടും ഇരു ടീമുകൾക്കും എതിർ ഗോൾ വല ചലിപ്പിക്കാൻ സാധിച്ചില്ല. ടോഗോ പ്രധാനമായും കൌണ്ടർ അറ്റാക്കിങ് ഫുട്ബോളിന് ശ്രമിച്ചപ്പോൾ മത്സരം വിരസമായി. കളിയുടെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകൾക്കും ഗോൾ നേടാനുള്ള അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ ഇരു ടീമുകളും പരാജയപെട്ടു.

മറ്റൊരു മത്സരത്തിൽ അവസാന 10 മിനുട്ടിൽ 10 പേരായി ചുരുങ്ങിയിട്ടും കോംഗോ മൊറോക്കോക്കെതിരെ 1 – 0 വിജയം കണ്ടെത്തി. കളിയുടെ 55ാം മിനുട്ടിൽ കബനങ്കയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത് .

കളിയുടെ തുടക്കത്തിൽ മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ച മൊറോക്കോ പക്ഷെ ഗോൾ വല ചലിപ്പിക്കുന്നതിൽ പരാജയപെട്ടു. കളിയുടെ ആദ്യ മിനിറ്റുകളിൽ ബൗസ്സൂഫായുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ കാര്യമായ ആക്രമണം കാഴ്ച വെക്കാൻ കഴിയാത്ത കോംഗോ രണ്ടാം പകുതിയിൽ കബനങ്കയിലൂടെ ലീഡ് നേടുകയായിരുന്നു. മൊറോക്കൻ ഗോൾ കീപ്പറുടെ നിലവാരം കുറഞ്ഞ ഗോൾ കീപ്പിങ് മൊറോകോക്ക് വിനയായി.

ഗോൾ വഴങ്ങിയ മത്സരത്തിലേക്ക് തിരിച്ചു വരാൻ കഴിയാതെ പോയ മൊറോക്കോ കോംഗോ സബ്സ്റ്റിട്യൂട് ലോമലിസ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തു പോയത് മുതലാക്കാനായില്ല.