ചാമ്പ്യന്മാർ പുറത്ത്, കോംഗോ ഉജ്ജ്വല ജയത്തോടെ ക്വാർട്ടറിൽ

നിലവിലെ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ് ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് ഐവറി കോസ്റ്റ് പുറത്തായത്. അടുത്ത റൗണ്ടിലെത്താൻ വിജയം അനിവാര്യമായിരുന്ന ചാമ്പ്യന്മാർക്കു മൊറോക്കോയോട് തോൽക്കാനായിരുന്നു വിധി. കഴിഞ്ഞ 7 തവണയും ടൂർണമെന്റിൽ ആദ്യ റൌണ്ട് കടന്ന ഐവറി കോസ്റ്റ് ഇത്തവണ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

ആദ്യ പകുതിയിൽ ക്രിസ്റ്റൽ പാലസ് താരം സാഹയും മുൻ ചെൽസി താരം സലോമൻ കലുവും മികച്ച അവസരങ്ങൾ പാഴാക്കി.  കളിയുടെ 64ആം മിനുറ്റിലാണ് മൊറോക്കോ വിജയ ഗോൾ കണ്ടെത്തിയത്. ഗോൾ കീപ്പറുടെ തലയ്ക്കു മുകളിലൂടെ മനോഹരമായി ബോൾ കോരിയിട്ടു രാച്ചിദ് അലി മൊറോക്കോക്ക് വിജയ ഗോൾ നേടി കൊടുത്തു. മോറോക്കോ ഗോൾ നേടിയതോടെ കളിയിലേക്ക് തിരിച്ചു വരാൻ ഐവറി കോസ്റ്റ് സുബ്സ്ടിട്യൂറ്റ് നടത്തിയെങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ട്ടിക്കാൻ  അവർക്കായില്ല. ഗ്രൂപ്പിൽ കോംഗോക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായി മൊറോക്കോ ക്വാർട്ടർ യോഗ്യത നേടി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോഗോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കോംഗോ തങ്ങളുടെ ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചു.  ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച കോംഗോ വലിയ താര നിരകള്ളില്ലാതെയാണ് ടൂർണമെന്റിന് എത്തിയത്. എന്നാൽ കളിയുടെ എല്ലാ മേഖലകളിലും മിക്കച്ച പ്രകടനം കാഴ്ച്ച വെച്ച അവർ ടൂർണമെന്റ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നായി. അടുത്ത റൗണ്ടിലേക്ക് കടക്കാൻ വിജയം അനിവാര്യമായിരുന്നു ടോഗോ തുടക്കത്തിൽ ഇമ്മാനുവൽ അഡബെയറിലൂടെ മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചു. പക്ഷെ അഡബെയറിനു പിന്തുണ നൽകാൻ മധ്യ നിരക്ക് സാധിച്ചില്ല. കളിയുടെ 29ആം മിനുട്ടിൽ കബനങ്കയിലൂടെ ആദ്യ ഗോൾ നേടി മത്സരത്തിന്റെ നിയന്ത്രണം കോംഗോ കൈക്കലാക്കി.

രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച കോംഗോ 54ആം മിനുറ്റിൽ മുബെലെയിലൂടെ ലീഡ് ഇരട്ടിയാക്കി. മുബെലെ ടോഗോ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ തലയ്ക്കു മുകളിലൂടെ ബോൾ കോരിയിട്ടു ഗോൾ വല ചലിപ്പിച്ചു. രണ്ടാമത്തെ ഗോൾ നേടിയതോടെ കോംഗോ മത്സരത്തെ നിസ്സാരമായി എടുത്തത് മുതലാക്കി 69ആം മിനുട്ടിൽ ഫൊഡോ കളിയിലെ തന്റെ ആദ്യ ടച്ചിൽ തന്നെ ടോഗോക്ക് വേണ്ടി ഗോൾ വല ചലിപ്പിച്ചു. തൊട്ടടുത്ത മിനുട്ടിൽ മത്സരം സമനിലയിലാക്കാനുള്ള സുവർണ്ണാവസരം  അഡബെയർ നഷ്ടപ്പെടുത്തി. പെനാൽറ്റി ബോക്സിൽ വെച്ച് കിട്ടിയ അവസരം ഗോളിക്ക് നേരെ അടിച്ചു അഡബെയർ നഷ്ടപ്പെടുത്തി. മത്സരം കൈവിട്ടു പോവുമെന്ന തോന്നൽ വന്നതോടെ കോംഗോ മത്സരത്തിലേക്ക് തിരിച്ചു വന്നു. 80ആം മിനുട്ടിൽ മ്പോകുലൂടെ മൂന്നാമത്തെ ഗോൾ നേടി കോംഗോ വിജയമുറപ്പിച്ചു. മികച്ച താര നിരയില്ലെങ്കിൽ കൂടി ആത്മവിശ്വാസത്തോടെയാണ് കോംഗോ പന്ത് തട്ടിയത്.  3 കളികളിൽ നിന്ന് 7 പോയിന്റ് നേടിയ കോംഗോ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചത്.