അൾജീരിയ പുറത്ത്, നാലടിച്ച് ടുണീഷ്യ ക്വാർട്ടറിൽ

യൂറോപ്പിലെ മികച്ച താര നിരയുമായി ഇറങ്ങിയ അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ കാണാതെ പുറത്തായി. സെനഗലുമായുള്ള മത്സരം സമനിലയിൽ ആയതോടെ ഗ്രൂപ്പിൽ മൂന്നാമതായ അൾജീരിയ പുറത്താവുകയായിരുന്നു. രണ്ടു തവണ മത്സരത്തിൽ ലീഡ് നേടിയിട്ടും മത്സരം വിജയിക്കാൻ അൾജീരിയിക്കായില്ല. മത്സരത്തിന്റെ മുൻപ് തന്നെ ക്വാർട്ടർ ഉറപ്പിച്ച സെനഗൽ 10 മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. കളിയുടെ 10ആം മിനുട്ടിൽ തന്നെ ലെസ്റ്റർ താരം സിൽമാനിയിലൂടെ അൾജീരിയ ലീഡ് നേടി. സോഫിയാനെ ഹെന്നിയുടെ ക്രോസിൽ നിന്നായിരുന്നു സിൽമാനിയുടെ ആദ്യ ഗോൾ. എന്നാൽ ആദ്യ പകുതിക്കു തൊട്ടു മുൻപ് സെനഗൽ സമനില നേടി. 44ആം മിനുട്ടിൽ ഡിഒപ് ആണ് സെനഗലിന് സമനില നേടി കൊടുത്തത്.

രണ്ടാം പകുതിയിൽ സിൽമാനിയിലൂടെ അൾജീരിയ വീണ്ടും ലീഡ് നേടി. 52ആം മിനുറ്റിൽ സിൽമാനിയുടെ ഷോട്ട് സെനഗൽ ഗോൾ കീപ്പർക്കു ഒരു അവസരവും കൊടുക്കാതെ വല കുലുക്കി. അൾജീരിയയുടെ ലീഡിന് 2 മിനുട്ടിന്റെ ആയൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 54 ആം മിനുട്ടിൽ സോ സെനഗലിന് സമനില നേടി കൊടുത്തു. കളിയുടെ അവസാന ഘട്ടത്തിൽ മത്സരം ജയിക്കാനുള്ള സുവർണാവസരം ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ സിൽമാനി നഷ്ടപ്പെടുത്തി. ഗ്രൂപ്പിൽ ഒന്നാം സ്‌ഥാനക്കാരായി ക്വാർട്ടറിൽ എത്തിയ സെനഗൽ  കാമറോണിനെ നേരിടും.

ഗ്രൂപ്പ് ബി യിൽ സിംബാബ്‌വെയെ നാലിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ടുണീഷ്യ ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിലെത്താൻ ഒരു പോയിന്റ് മാത്രം മതിയായിരുന്നു ടുണീഷ്യ തുടക്കത്തിൽ തന്നെ ലീഡ് നേടി. 9ആം മിനുട്ടിൽ സ്ലിറ്റി ആണ് ട്യൂണിഷ്യക്കു വേണ്ടി ആദ്യ ഗോൾ നേടിയത്. കളിയുടെ 22ആ മിനുട്ടിൽ എംസെക്നിയിലൂടെ ടുണീഷ്യ ലീഡ് രണ്ടായി ഉയർത്തി തങ്ങളുടെ മേധാവിത്വം തെളിയിച്ചു. സിംബാബ്‌വെ പ്രതിരോധത്തിലെ വീഴ്ച്ച മുതലാക്കി 36ആം മിനുട്ടിൽ കെനിസ്സി ടുണീഷ്യക്ക്  അവർ അർഹിച്ച മൂന്നാമത്തെ ഗോളും നേടി കൊടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച  കനൗലെഡ്ജ് മുസോനയിലൂടെ 42ആം മിനുട്ടിൽ സിംബാബ്വേയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും 45ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റിയിലൂടെ ഖസ്‌റി ട്യുണീഷ്യയുടെ ലീഡ് വീണ്ടും ഉയർത്തി സിംബാബ്‌വെയുടെ തിരിച്ചു വരവിനുള്ള സാധ്യത ഇല്ലാതാക്കി.  ആദ്യ പകുതിക്കു പിരിയുമ്പോൾ  ടുണീഷ്യ4 – 1 ന്റെ ലീഡ് നേടിയിരുന്നു.

രണ്ടാം പകുതിയിൽ സിംബാബ്‌വെക്ക് വേണ്ടി പകരക്കാരനായി  ആയി ഇറങ്ങിയ ടെണ്ടായ് ൻഡോറോ 57ആം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു ട്യുണീഷ്യയുടെ ലീഡ് കുറച്ചെങ്കിലും  കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ ടുണീഷ്യ മത്സരം പൂർത്തിയാക്കി. ടുണീഷ്യ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ബുർക്കിന ഫാസോയുമായി ക്വാർട്ടറിൽ ഏറ്റുമുട്ടും.