ഘാനയും ഈജിപ്തും സെമിയിൽ 

ആഫ്രിക്കൻ നേഷൻസ് കപ്പിൽ  ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള കോംഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഘാന സെമി ഫൈനലിലെത്തി. തുറന്ന അവസരങ്ങൾ ഒന്നും ഇല്ലാതിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചു.

രണ്ടാം പകുതിയുടെ 63ആം മിനുട്ടിൽ ആസ്റ്റൺ വില്ല താരം ജോർദാൻ ആയ്യു ആണ് ഘാനക്കു ലീഡ് നേടി കൊടുത്തത്. കോംഗോ പ്രധിരോധ നിരയെ കബളിപ്പിച്ചു 18 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് കോംഗോ വലയിൽ കയറി. ഗോൾ വഴങ്ങിയതിനു ശേഷം ശ്കതമായ ആക്രമണം കാഴ്ചവെച്ച കോംഗോ പോൾ ജോസെ എംപോകുവിലൂടെ സമനില പിടിച്ചു. 68ആം മിനുട്ടിൽ  പെനാൽറ്റി ബോക്സിനു അടുത്ത് നിന്ന് എടുത്ത ഉഗ്രൻ ഷോട്ട് ഗോൾ കീപ്പർക്കു ഒരു അവസരവും നൽകാതെ ഗോളായി.  കളിയുടെ 78ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് ആന്ദ്രേ ആയ്യു ഘാനക്കു ഫൈനലിലേക്കുള്ള ടിക്കറ്റ് നേടി കൊടുത്തു. കോംഗോ ഡിഫൻഡർ മുറ്റമ്പല ക്രിസ്ത്യൻ അറ്റ്‌സുവിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിനാണ് ഘാനക്കു പെനാൽറ്റി ലഭിച്ചത്.

സെമിയിൽ ഘാന കാമറൂണിനെ നേരിടും. തുടർച്ചയായ ആറാം തവണയാണ് ഘാന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമി ഫൈനലിൽ ഇടം പിടിക്കുന്നത്.

ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഈജിപ്ത് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു. രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മത്സരം ജയിക്കാൻ മൊറോക്കോക്കയില്ല. മികച്ച അവസരങ്ങൾ സൃഷിട്ടിച്ച മൊറോക്കോ അതൊക്കെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പരാജയപെട്ടു.  അവസരങ്ങൾ ഒന്ന് ഒന്നായി നഷ്ടപ്പെടുത്തിയ മൊറോക്കോയെ ഈജിപ്ത് അവസാന മിനുറ്റിൽ ശിക്ഷിക്കുകയായിരുന്നു.

കളിയുടെ 87ആം മിനുറ്റിൽ സബ്സ്റ്റിട്യൂട് ആയി ഇറങ്ങിയ മഹമൂദ് കഹ്റബയാണ് ഈജിപ്തിന് വേണ്ടി വിജയ ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ ഈജിപ്ത് താരം മുഹമ്മദ് സലേയുടെ മികച്ച ഒരു ഷോട്ട് മൊറോക്കോ ഗോൾ കീപ്പർ മുനീർ ഉജ്ജ്വലമായി രക്ഷപെടുത്തി. ഈജിപ്ത് പോസ്റ്റിലേക്ക് 15 തവണ ഷോട്ട് ഉതിർത്ത മൊറോക്കോ പക്ഷെ ഒരെണ്ണം പോലും ഗോൾ വല കടത്താൻ പറ്റിയില്ല.

സെമിയിൽ ഈജിപ്ത് ബുർക്കിന ഫാസോയെ നേരിടും. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്ത് ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.