കിരീട നേട്ടത്തിന് ശേഷം സലാഹിനെ ആശ്വസിപ്പിക്കാൻ മറക്കാതെ മാനെ

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ഈജ്പ്തിനു എതിരായ മത്സര വിജയ ശേഷം തന്റെ ലിവർപൂൾ സഹതാരം മുഹമ്മദ് സലാഹിനെ ആശ്വസിപ്പിച്ചു സാദിയോ മാനെ. പെനാൽട്ടി ഷൂട്ട് ഔട്ടിൽ സലാഹ് അഞ്ചാം പെനാൽട്ടി എടുക്കും മുമ്പ്‌ സെനഗൽ മാനെയുടെ പെനാൽട്ടിയിലൂടെ ജയം പിടിച്ചെടുത്ത മത്സരത്തിൽ കണ്ണീരണിഞ്ഞു നിന്ന സഹ താരത്തെ ആശ്വസിപ്പിക്കാൻ മാനെ എത്തുക ആയിരുന്നു. മത്സരത്തിനു ഇടയിൽ സെനഗലിന് ലഭിച്ച പെനാൽട്ടി മാനെ പാഴാക്കിയതിനു മുമ്പ് ഈജ്പ്ത് ഗോൾ കീപ്പർക്ക് ഉപദേശം നൽകുന്ന സലാഹിനെയും മത്സരത്തിൽ കണ്ടു.

മത്സര ശേഷം ആഘോഷങ്ങൾക്ക് ഒപ്പം തന്റെ സഹ താരത്തെ ആശ്വസിപ്പിക്കുന്ന മാനെക്ക് ആരാധകരിൽ നിന്നു വലിയ പ്രശംസയാണ് ലഭിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം ഇതാണ് എന്നാണ് മാനെ കിരീട നേട്ടത്തിനു ശേഷം പ്രതികരിച്ചത്. കുട്ടിക്കാലത്തെ തന്റെ സ്വപ്നം ആയിരുന്നു ഈ കിരീട നേട്ടം എന്നു പറഞ്ഞ മാനെ താൻ നേടിയ എല്ലാ കിരീടങ്ങളെക്കാൾ ഏറ്റവും പ്രിയപ്പെട്ട കിരീടം ഇതാണ് എന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായും തിരഞ്ഞെടുത്ത മാനെയുടെ ഇനിയുള്ള ലക്ഷ്യം ഈജ്പ്തിനു തന്നെ എതിരായ പ്ലേ ഓഫ് ജയിച്ചു സെനഗലിന് ലോകകപ്പ് യോഗ്യത നേടി നൽകൽ ആയിരിക്കും.