തൊണ്ണൂറാം മിനുട്ടിൽ മാന്ത്രിക ചുവടുമായി സലാ, ഈജിപ്ത് മാസ്മരിക ജയം

- Advertisement -

മൊഹമ്മദ് സലാ എന്ന ഈജിപ്ഷ്യൻ അത്ഭുതം ഒരിക്കൽ കൂടെ ഈജിപ്തിന്റെ രക്ഷകനായി. ആഫ്രിക്കൻ നാഷൺസ് കപ്പിന്റെ യോഗ്യതാ റൗണ്ടിലെ പോരാട്ടത്തിന് ഇന്ന് ടുണീഷ്യക്കെതിരെ ഇറങ്ങിയ ഈജിപ്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇന്ന് ജയിച്ചെ മതിയാകുമായിരുന്നുള്ളൂ. കളിയുടെ 90ആം മിനുട്ടിൽ വരെ സ്കോർ 2-2 എന്നായിരുന്നു. സമനില ആയാൽ അത് ഈജിപ്തിന് താങ്ങാവുന്നതിലും അപ്പുറം ആവുമായിരുന്നു.

കളിയുടെ രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സലാ അപ്പോഴാണ് താൻ ആരാണെന്ന് ടുണീഷ്യൻ ഡിഫൻസിന് കാണിച്ചുകൊടുത്തത്. ഒരു വൺ ടച്ച് പാസിംഗ് മൂവിലൂടെ ടുണീഷ്യൻ ബോക്സിൽ എത്തിയ സലാ സമർത്ഥമായ ഡ്രിബിളിലൂടെ ടുണീഷ്യൻ ഡിഫൻഡറെ മറികടന്ന് ഗോൾകീപ്പറുടെ മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയ്ക്കുള്ളിൽ എത്തിച്ചു. തന്റെ ജേഴ്സി ഊരി സലാ ആഹ്ലാദം പ്രകടിപ്പിക്കുമ്പോൾ സ്കോർ 3-2. ഈജിപ്ത് യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കും.

കളിയിൽ ഈജിപ്തിനായി എൽ മൊഹമദി, ട്രെസെഗെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ടുണീഷ്യക്കായി സ്ലിറ്റി ഇരട്ട ഗോളുകൾ നേടി. ഇന്നത്തെ ഗോളോടെ സലാ ഈജിപ്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഈജിപ്ത് ജേഴ്സിയിൽ 39 ഗോളുകളായി സലായ്ക്ക്. ഇനി ഒരു മത്സരം കൂടിയാണ് യോഗ്യതാ റൗണ്ടിൽ ബാക്കിയുള്ളത്. ഗ്രൂപ്പിൽ നിന്ന് യോഗ്യത നേരത്തെ തന്നെ ടുണീഷ്യയും ഈജിപ്തും ഉറപ്പിച്ചിരുന്നു.

Advertisement