ഘാന ക്വാർട്ടറിൽ, അവസാന നിമിഷത്തിൽ വിജയിച്ച്‌ ഈജിപ്ത്

അസമോഹ ഗ്യാൻ നേടിയ ഗോളിൽ പൊരുതി നിന്ന മാലിയെതോൽപ്പിച്ച് ഘാന ക്വാർട്ടറിൽ. ഒരു മത്സരം ബാക്കി നിൽക്കെയാണ്  ഘാന ക്വാർട്ടറിൽ കടന്നത്. കളിയുടെ 21ആം മിനുട്ടിൽ ആൻഡ്രൂ ആയ്യുവിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഗ്യാൻ ഘാനക്കു ലീഡ് നേടികൊടുത്തു. ഈ ഗോളിലൂടെ അസമോഹ ഗ്യാൻ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഘാന താരമായി .ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഗ്യാൻറെ എട്ടാമത്തെ  ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ മാലി ഉണർന്നു കളിച്ചെങ്കിലും ഘാന ഗോൾ കീപ്പർ റസാഖ് ബ്രിമ്ഹയെ കാര്യമായി പരീക്ഷിക്കാൻ അവർക്കായില്ല. എന്നാൽ കളിയുടെ  അവസാന നിമിഷത്തിൽ ഖലീഫ കൗളിബാലിയുടെ ഷോട്ട് മനോഹരമായ ഒരു സേവിലൂടെ തടഞ്ഞു റസാഖ് ഘാനക്കു വിജയം നേടി കൊടുത്തു.

ഗ്രൂപ്പ് ഡി യിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ അബ്ദല്ലഹ് എൽ സൈദ് 88ആം മിനുറ്റിൽ നേടിയ ഗോളിൽ ഈജിപ്ത് ഉഗാണ്ടയെ പരാജയപ്പെടുത്തി. മുഹമ്മദ് സലേഹ് നൽകിയ പാസിൽ നിന്ന്  അബ്ദല്ലഹ് എൽ സൈ തൊടുത്ത ഷോട്ട് രക്ഷപെടുത്താൻ ഉഗാണ്ട ഗോളിക്ക് ആയില്ല .

7 തവണ ചാമ്പ്യമാരായ ഈജിപ്ത് ആദ്യ പകുതിയിൽ നന്നായി തുടങ്ങിയെങ്കിലും ഗോൾ മാത്രം നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഉഗാണ്ട കൌണ്ടർ അറ്റാക്കിങ്ങിലൂടെ ഈജിപ്ത് ആക്രമണത്തെ തടഞ്ഞു നിർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോസഫ് ഒച്ചയായുടെ ശ്രമം ഗോളായെങ്കിലും റഫറി അനുവദിച്ചില്ല.

ഈ വിജയത്തോടെ ഈജിപ്ത് തങ്ങളുടെ ക്വാർട്ടർ ഫൈനൽ സാധ്യത സജീവമാക്കി. അവസാന മത്സരത്തിൽ ഘാനക്കെതിരെ ഒരു പോയിന്റ് നേടിയാൽ ഈജിപ്ത് ക്വാർട്ടർ ഫൈനലിൽ കടക്കും. എന്നാൽ തുടർച്ചയായി രണ്ടു മത്സരം തോറ്റ ഉഗാണ്ട ടൂർണമെന്റിൽ നിന്ന് പുറത്താവുന്ന ആദ്യ ടീമായി.