ചാമ്പ്യന്മാരായ കാമറൂണെ പുറത്താക്കി നൈജീരിയ

ആഫ്രിക്കൻ നാഷൺസ് കപ്പിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കാമറൂൺ പുറത്ത്. ക്വാർട്ടർ ഫൈനൽ പോലും കാണാതെയാണ് കാമറൂൺ പുറത്തായിരിക്കുന്നത്. ഇന്ന് നടന്ന ആവേശ പോരാട്ടത്തിനൊടുവിൽ നൈജീരിയ ആണ് കാമറൂണെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ കാമറൂൺ 2-1ന് ലീഡ് ചെയ്തിരുന്ന കളിയാണ് നൈജീരിയ തിരിച്ചുപിടിച്ചത്.

കളിയുടെ തുടക്കത്തിൽ നൈജീരിയ ആയിരുന്നു തിളങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മോശം പ്രകടനങ്ങൾ പരിഹാരമെന്നോണം നല്ല രീതിയിൽ കളിച്ച നൈജീരിയ 19ആം മിനുട്ടിൽ ഇഗാലോയിലൂടെ ആദ്യം മുന്നിൽ എത്തി. എന്നാൽ തിരിച്ചടിച്ച കാമറൂൺ ആദ്യ പകുതിയുടെ അവസാനത്തിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ 2-1ന് മുന്നിൽ എത്തി. ബഹോകെനും എൻജീയും ആയിരുന്നു കാമറൂൺ ഗോളുകൾ നേടിയത്.

രണ്ടാം പകുതിയിൽ കളി മെച്ചപ്പെടുത്തിയ നൈജീരിയ ഇഗാലോയുടെ രണ്ടാം ഗോളിലൂടെ 63ആം മിനുട്ടിൽ സമനില പിടിച്ചു. മൂന്ന് മിനുട്ടുകൾക്ക് ശേഷം ഇവോബിയുടെ ഗോളിൽ ലീഡും എടുക്കാൻ നൈജീരിയക്കായി. 3-2ന് മുന്നിൽ എത്തിയ ശേഷം പക്വതയോടെ കളിച്ച നൈജീരിയ ഫുൾടൈം വരെ നന്നായി ഡിഫൻഡ് ചെയ്ത് വിജയം ഉറപ്പിച്ചു.

Previous articleലോകകപ്പില്‍ ഒരു പതിപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മക്ഗ്രാത്തിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കും
Next articleഡി ലിറ്റിനായുള്ള അവസാന ശ്രമം, യുവന്റസ് പരിശീലകൻ സാരി താരത്തെ വിളിച്ചു