ഇംഗ്ലണ്ടിന് കാലിടറി, പത്തുപേരുമായി 45 മിനുട്ട് കളിച്ചിട്ടും ഫ്രാൻസിനു ജയം

രണ്ടാം പകുതിയുടെ ആദ്യ മിനുറ്റിൽ തന്നെ ഡിഫൻഡർ വരാണെ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും ഫ്രാൻസ് തളർന്നില്ല. പത്തു പേരുമായി കളിച്ച് ഇംഗ്ലണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്രാൻസ് സൗഹൃദ മത്സരത്തിൽ പരാജയപ്പെടുത്തി.

തുടക്കം മുതൽ ഒടുക്കം വരെ ബോക്സ് ടു ബോക്സ് ഫുട്ബോൾ കണ്ട മത്സരത്തിൽ കളിയുടെ ഒമ്പതാം മിനുട്ടിൽ ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. ബെർട്രൻഡിന്റെ പാസിൽ നിന്ന് ടാപിനിലൂടെ ആയിരുന്നു കെയ്നിന്റെ ഗോൾ. 22ാം മിനുറ്റിൽ ഉംറ്റിറ്റിയിലൂടെയാണ് ഫ്രാൻസിന്റെ മറുപടി ഗോൾ വന്നത്. ബാഴ്സലോണ താരത്തിന്റെ ഫ്രാൻസിനു വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്.

പോഗ്ബയുടെയും കാന്റെയുടെയും ഡംബലയുടെയും മികവിൽ മിഡ്ഫീൽഡിൽ ആധിപത്യ ഉറപ്പിച്ച ഫ്രാൻസ് പിന്നീടങ്ങോട്ട് കളിയിൽ മുൻകൈ നേടി. നാല്പത്തി രണ്ടാം മിനുട്ടിൽ സിഡിബെ ഫ്രാൻസിനെ 2-1ന് മുന്നിലെത്തിച്ചു. ഇംഗ്ലണ്ട് സെന്റർ ബാക്ക് സ്റ്റോക്സിനെ മറികടന്ന് ഡെംബലെ തൊടുത്ത ഷോട്ട് ഹീറ്റൺ രക്ഷപ്പെടുത്തി എങ്കിലും പന്തു സിഡിബെയുടെ കാലിൽ എത്തുകയായിരുന്നു. സിഡിബെയുടെയും ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡെലി അലിയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിനാണ് വരാണെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. പെനാൾട്ടിയിൽ നിന്ന് രണ്ടാം ഗോൾ കണ്ടെത്തിയ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കെയ്നിന്റെ അവസാന അഞ്ചു മത്സരങ്ങളിലെ പതിനൊന്നാം ഗോളായിരുന്നു അത്. എന്നാൽ പത്തുപേരുമായി ചുരുങ്ങിയതിനു ശേഷം ഫ്രാൻസ് ശക്തിയാർജിക്കുകയാണുണ്ടായത്.

മികച്ച പ്രെസ്സിംഗ് ടാക്ടിക്സിലൂടെ ഫ്രാൻസ് ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചു. എംബപ്പെ ഫ്രാൻസിനു ലീഡു നേടികൊടുക്കുന്നതിന് അടുത്തെത്തി എങ്കിലും ക്രോസ് ബാർ വില്ലനാവുകയായിരുന്നു. 79ാം മിനുറ്റിൽ എംബപ്പെ തന്നെയാണ് അവസാനം വിജയത്തിലേക്കുള്ള വഴി ഒരുക്കിയത്. എംബപ്പെ നൽകിയ പാസ് ഡെംബലെ ഇംഗ്ലണ്ട് വലയിൽ എത്തിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅനസിന്റെ ഗോൾ ലൈൻ സേവും ഇന്ത്യയുടെ ഡിഫൻസും
Next articleഇന്ത്യൻ ജയം ആഘോഷിക്കാൻ മറക്കാതെ പത്രങ്ങൾ