Mykhailo Mudryk Arsenal Chelsea

ആഴ്‌സണലിലേക്ക് ഇല്ല, മിഹൈലോ മൊദ്രൈക് ഇനി ചെൽസിയുടെ താരം

ഷക്തർ ഡോനെസ്ക് താരം മിഹൈലോ മൊദ്രൈകിനെ സ്വന്തമാക്കി ചെൽസി. 22കാരനായ താരത്തിന് 7 വർഷത്തെ കരാറാണ് ചെൽസി നൽകാൻ ഉദ്ദേശിക്കുന്നത്. ഇത് പ്രകാരം 2030 വരെയുള്ള കരാർ ഒപ്പുവെക്കും. താരം മെഡിക്കലിനായി ഞായറാഴ്ച ലണ്ടനിൽ എത്തും.

താരത്തിനായി ആഴ്‌സണൽ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവസാനം ചെൽസി നൽകിയ വമ്പൻ ഓഫർ ഷക്തർ ഡോനെസ്ക് അംഗീകരിക്കുകയായിരുന്നു. 62 മില്യൺ യൂറോ നൽകിയാണ് താരത്തെ ചെൽസി സ്വന്തമാക്കുന്നത്. കൂടാതെ 27 മില്യൺ യൂറോയോളം തുക ആഡ് ഓൺ ആയും ഷക്തറിന് ലഭിക്കും.

ചെൽസി താരത്തിൽ താല്പര്യം പ്രകടിപ്പിക്കുന്നത് വരെ താരം ആഴ്‌സണലിൽ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ വമ്പൻ തുക നൽകി താരത്തെ ചെൽസി ടീമിൽ എത്തിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ നടത്തിയ മികച്ച പ്രകടനമാണ് മിഹൈലോ മൊദ്രൈകിനെ യൂറോപ്പിലെ മികച്ച ക്ലബ്ബുകളുടെ ശ്രദ്ധകേന്ദ്രമാക്കിയത്.

പ്രീമിയർ ലീഗിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന ചെൽസിക്ക് മൊദ്രൈകിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവിൽ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് ചെൽസി.

Exit mobile version