ബ്രിഡ്ജിൽ ചെൽസിയെ വിറപ്പിച്ച് റോമ

- Advertisement -

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചാംപ്യൻസ് ലീഗിന്റെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞു നിന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പിറകിൽ പോയിട്ടും പൊരുതി കളിച്ച എ എസ് റോമ ചെൽസിയെ സമനിലയിൽ തളച്ചു. 3-3 എന്ന സ്കോറിൽ അവസാനിച്ച കളിയിൽ 2-3 പിറകിൽ പോയ ശേഷം ഹസാർഡ് നേടിയ ഗോളിലൂടെയാണ് ചെൽസി സമനില പിടിച്ചത്. ചെൽസി പ്രശിരോധത്തിലെ സകല പിഴവുകളും മുതലാക്കിയ റോമ നിർഭാഗ്യം കൊണ്ടു മാത്രമാണ് ജയിക്കാതെ പോയത്. വരും ദിവസങ്ങളിൽ ടീം ഘടനയിൽ അടക്കം മാറ്റങ്ങൾ വന്നില്ലെങ്കിൽ ചെൽസി വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും എന്ന സൂചനയായി ഇന്നത്തെ മത്സരം. എങ്കിലും ഈഡൻ ഹസാർഡ് ഫോമിലേക്ക് മടങ്ങിയെത്തിയത് കൊണ്ടേക്ക് ആശ്വാസമാവും.

ഡേവിഡ് ലൂയിസിനെ മധ്യനിരയിൽ ബകയോകോക്കും ഫാബ്രിഗാസിനും ഒപ്പം കളിപ്പിച്ച കോണ്ടേ യുവ താരം ക്രിസ്റ്റിയൻസന് പ്രതിരോധത്തിൽ കാഹിലിനും ആസ്പിലിക്വറ്റ ക്കും ഒപ്പം അവസരം നൽകി. പരിക്ക് മാറി മൊറാത്ത ആക്രമണ നിരയിൽ തിരിച്ചെത്തിയപ്പോൾ മോസസിന് പകരം സപകോസ്റ്റേയും ഇടം നേടി. റോമാ നിരയിൽ യുവ താരം ജർസൻ സീസണിലെ ആദ്യ തുടക്കം നേടി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് കളിച്ചപ്പോൾ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചു. റോമ മികച്ച രീതിയിൽ കളി തുടങ്ങിയെങ്കിലും  ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. 11 ആം മിനുട്ടിൽ ലൂയിസ് ബോക്സിന് പുറത്ത് നിന്ന് മികച്ച ഫിനിഷിലൂടെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിയെ മുന്നിലെത്തിച്ചു. പക്ഷെ പിന്നീട് നിരന്തരം ആക്രമിച്ച റോമ പല ഘട്ടങ്ങളിലും ചെൽസി പ്രതിരോധത്തിലെ പിഴവുകൾ നന്നായി മുതലെടുത്തു. പക്ഷെ ഫിനിഷിങ്ങിൽ അവർക്ക് പിഴച്ചപ്പോൾ സമനില നേടാനായില്ല. 37 ആം മിനുട്ടിൽ കൗണ്ടർ അറ്റാക്കിങ്ങിലൂടെ സീസണിലെ ആദ്യ ഗോൾ നേടി ഹസാർഡ് ചെൽസിയുടെ ലീഡ് രണ്ടാക്കി. 3 മിനിട്ടുകൾക്ക് ശേഷം കൊളറോവ് റോമക്കായി ഒരു ഗോൾ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ പക്ഷെ എ ഡി ൻ സെക്കോ ചെൽസി പ്രതിരോധത്തെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 64 ആം മിനുട്ടിൽ ഫാസിയോയുടെ പാസ്സ് കിടിലൻ വോളിയിലൂടെ വലയിലാക്കി സെക്കോ സ്റ്റാംഫോഡ് ബ്രിഡ്ജിനെ നിശ്ശബ്ദമാക്കി. ഏറെ വൈകാതെ കൊളറോവിന്റെ ഫ്രീകിക്കിൽ സെക്കോയുടെ രണ്ടാം ഗോളും പിറന്നു. റോമ 2-3 ന് മുന്നിൽ. പക്ഷെ 75 ആം മിനുട്ടിൽ പെഡ്രോയുടെ പാസ്സ് ഹെഡ്ഡറിലൂടെ ഈഡൻ ഹസാർഡ് ചെൽസിയെ ഒപ്പമെത്തിച്ചു.  80 ആം മിനുട്ടിൽ ഹസാർഡിനെ പിൻവലിച്ചു വില്ലിയനെ ഇറക്കിയെങ്കിലും വിജയ ഗോൾ കണ്ടെത്താൻ ചെൽസികായില്ല.

നേരത്തെ ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കറാബാഗ് അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ചിരുന്നു. 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുള്ള ചെൽസിയാണ് ഗ്രൂപ്പിൽ ഒന്നാമത്. 5 പോയിന്റുള്ള റോമ രണ്ടാം സ്ഥാനത്തും 2 പോയിന്റ് മാത്രമുള്ള അത്ലറ്റികോ മൂന്നാം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement