പ്രീ സീസണിൽ ഫ്ലോറിഡ കപ്പിൽ ആഴ്‌സണലിന് ജയം

Wasim Akram

20220721 121832

അമേരിക്കയിൽ നടക്കുന്ന പ്രീ സീസണിൽ ഫ്ലോറിഡ കപ്പിൽ ജയവുമായി ആഴ്‌സണൽ. ഓർലാണ്ടോയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം കണ്ടത്. മോശം കാലാവസ്‌ഥ കാരണം വൈകിയാണ് മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ആഴ്‌സണൽ മുന്നിലെത്തി. സാമ്പി ലൊകോങോയുടെ പാസിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലി ആണ് ആഴ്‌സണലിന് ആയി ഗോൾ നേടിയത്. മാർട്ടിനെല്ലിയുടെ ഷോട്ട് ഓർലാണ്ടോ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. 29 മത്തെ മിനിറ്റിൽ ഓർലാണ്ടോ ഗോൾ മടക്കി. അന്റോണിയോ കാർലോസിന്റെ പാസിൽ നിന്നു ഫകുണ്ടോ ആണ് ഓർലാണ്ടോക്ക് ആയി ഗോൾ നേടിയത്.

20220721 121840

രണ്ടാം പകുതിയിൽ ആഴ്‌സണൽ മികച്ച താരങ്ങളെ കളത്തിൽ ഇറക്കി. 66 മത്തെ മിനിറ്റിൽ ഇതിനു ഫലം ഉണ്ടായി. ഓർലാണ്ടോ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനു ഇടയിൽ ലഭിച്ച അവസരം എഡി എങ്കിതിയ വലത് കാലൻ അടിയിലൂടെ ഗോൾ ആക്കി മാറ്റി. തുടർന്ന് 80 മത്തെ മിനിറ്റിൽ ആഴ്‌സണൽ ജയം പൂർത്തിയാക്കി. ബുകയോ സാകയുടെ പാസിൽ നിന്നു റീസ് നെൽസൺ ആണ് ആഴ്‌സണലിന്റെ മൂന്നാം നേടിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ആഴ്‌സണലിൽ എത്തിയ സിഞ്ചോങ്കോ മത്സരം കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. തുടർച്ചയായ നാലാം പ്രീ സീസൺ മത്സരത്തിലും ആഴ്‌സണൽ ജയം കണ്ടു. അമേരിക്കയിലെ അടുത്ത മത്സരത്തിൽ ആഴ്‌സണൽ ചെൽസിയെ ആണ് നേരിടുക.