
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന നിർണായക പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും 2 ഗോളുകൾ വീതം അടിച്ച മത്സരത്തിൽ സിറ്റി നേരിയ ആധിപത്യം പുലർത്തിയെങ്കിലും അവർക്ക് നിർണായകമായ വിജയ ഗോൾ നേടാനായില്ല.
ജയിച്ചിരുന്നെങ്കിൽ നിലവിലെ 6 ആം സ്ഥാനത്ത് നിന്ന് 5 ആം സ്ഥാനത്തേക്ക് ഉയരാമായിരുന്ന ആർസെനൽ പക്ഷെ 5 ആം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങി. കെവിൻ ഡുബ്രൈന നൽകിയ പാസ് ലിറോയ് സാനെ ആർസെനൽ ഗോൾ കീപ്പർ ഓസ്പിനയെയും മറികടന്നു വളയിലെത്തിച്ചു. സമനില ഗോളിനായി നിരന്തരം പൊരുതിയ ആർസെനാൽ താരങ്ങൾക്ക് 40 ആം മിനുട്ടിൽ അതിനുള്ള പ്രതിഫലം ലഭിക്കുകയും ചെയ്തു. മുസ്താഫി സിറ്റി ബോക്സിലേക്ക് നൽകിയ പാസ് ക്ലിയർ ചെയുന്നതിൽ ഒട്ടാമെൻഡിക്ക് പിഴച്ചപ്പോൾ തിയോ വാൽകോട്ട് സമനില ഗോൾ കണ്ടെത്തി. എന്നാൽ രണ്ടു മിനിട്ടുകൾക്ക് ശേഷം സെർജിയോ അഗ്യൂറോ നേടിയ ഗോളിൽ സിറ്റി ലീഡ് കണ്ടെത്തി.
രണ്ടാം പകുതിയിൽ ക്യാപ്റ്റൻ കോശിയെൻലി പരിക്കേറ്റു പുറത്തായി പകരം ഗബ്രിയേലിനെ ഇറക്കിയാണ് ആർസെനൽ ഇറങ്ങിയത്. പക്ഷെ 53 മിനുട്ടിൽ ഓസിലിന്റെ കോർണർ കിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ ഗോൾ നേടി മുസ്താഫി ആഴ്സനലിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു കൂട്ടർക്കും വിജയ ഗോൾ കണ്ടെത്താനായില്ല.
29 കളികളിൽ നിന്ന് 58 പോയിന്റുള്ള സിറ്റി നിലവിൽ നാലാം സ്ഥാനത്തും 28 കളികളിൽ നിന്ന് 51 പോയിന്റുള്ള ആർസെനൽ 6 ആം സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്വാൻസി സിറ്റിയും മിഡിൽസ്ബ്ബ്രൊയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 30 കളികളിൽ നിന്ന് 28 പോയിന്റുള്ള സ്വാൻസി 17 ആം സ്ഥാനത്തും , 29 കളികളിൽ നിന്ന് 23 പോയിന്റുള്ള മിഡിൽസ്ബറോ 23 ആം സ്ഥാനത്തുമാണ്.