Pakzimraza

ഈ ലോകകപ്പ് ഇനി മറക്കാം!!! പാക്കിസ്ഥാന്റെ ചീട്ടുകീറി സിംബാബ്‍വേ

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവിയേറ്റു വാങ്ങിയ പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇന്ന് സിംബാബ്‍വേയ്ക്കെതിരെ 131 റൺസ് ചേസ് ചെയ്തിറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 3 പന്തിൽ മൂന്ന് എന്ന നിലയിലെത്തിയെങ്കിലും 1 റൺസ് വിജയം സിംബാബ്‍വേ നേടിയതോടെ ടീമിന്റെ സാധ്യതകള്‍ ഇല്ലാതായി. 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമേ പാക്കിസ്ഥാന് നേടാനായുള്ളു. അവസാന പന്തിൽ മൂന്ന് റൺസ് വേണ്ട ഘട്ടത്തിൽ ഒരു റൺസ് പൂര്‍ത്തിയാക്കിയ ഷഹീന്‍ അഫ്രീദി റണ്ണൗട്ടാകുകയായിരുന്നു.

ബാബര്‍ അസമിനെയും മൊഹമ്മദ് റിസ്വാനെയും തുടക്കത്തിൽ തന്നെ നഷ്ടമായ പാക്കിസ്ഥാന് വേണ്ടി ഷാന്‍ മസൂദ് മാത്രമാണ് പൊരുതി നിന്നത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ നിലയുറപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. മസൂദ് 38 പന്തിൽ 44 റൺസ് നേടിയപ്പോള്‍ സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റുമായി പാക് മധ്യനിരയെ തകര്‍ത്തെറിഞ്ഞു.

അവസാന 2 ഓവറിൽ 22 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. റിച്ചാര്‍ഡ് എന്‍ഗാരാവ എറിഞ്ഞ ഓവറിൽ നവാസ് നേടിയ ഒരു സിക്സ് ഉള്‍പ്പെടെ 11 റൺസ് പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 11 റൺസായി മാറി.

അവസാന ഓവറിൽ ആദ്യ പന്തിൽ മൂന്ന് റൺസും നവാസ് നേടിയപ്പോള്‍ രണ്ടാം പന്തിൽ ബൗണ്ടറി നേടി മൊഹമ്മദ് വസീം ജൂനിയര്‍ പാക്കിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചു. എന്നാൽ അടുത്ത രണ്ട് പന്തിൽ പാക്കിസ്ഥാന് റൺസ് നേടാനാകാതെ പോകുകയും നവാസിന്റെ വിക്കറ്റും നഷ്ടമായതോടെ പാക്കിസ്ഥാന് ജയിക്കുവാന്‍ ഒരു പന്തിൽ മൂന്ന് റൺസായി മാറി.

എന്നാൽ ഒരു റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. നവാസ് 22 റൺസ് നേടിയപ്പോള്‍ വസീം ജൂനിയര്‍ 12 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version