ലക്ഷദ്വീപിൽ ഫുട്‌ബോൾ ആവേശം വിതറി യാഹൂ സെവൻസ് സോക്കർ കപ്പിന് തുടക്കം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലക്ഷദ്വീപിൽ സെവൻസ് ഫുട്‌ബോൾ ആവേശം നിറച്ച് യാഹൂ സെവൻസ് സോക്കർ കപ്പിന് കട്മത്ത് ദ്വീപിൽ തുടക്കമായി. ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആണ് കട്മത്ത് വലിയ ഭൂമി മൈതാനം സാക്ഷിയാവുക. കട്മത്ത് ദ്വീപിനു പുറമെ ലക്ഷദ്വീപിലെ മറ്റ് ദ്വീപുകൾ ആയ കവരത്തി, ആന്ത്രോത്ത്, അമിനി എന്നീ ദ്വീപുകളിൽ നിന്നായി 25 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുന്ന ടൂർണമെന്റിൽ 6 ടീമുകൾ അടങ്ങുന്ന 3 ഗ്രൂപ്പുകളും 7 ടീമുകൾ അടങ്ങുന്ന ഒരു ഗ്രൂപ്പും ആണ് ഉള്ളത്. നാലു ഗ്രൂപ്പുകളിൽ നിന്നായി ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്ന വിധം ആണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 25 മിനിറ്റ് വീതമുള്ള ഇരു പകുതികളിൽ ആയാണ് മത്സരങ്ങൾ നടക്കുക. കട്മത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രസിഡന്റ് അജ്മീർ ഖാൻ കിക്ക് ഓഫ് നടത്തിയാണ് ടൂർണമെന്റ് തുടങ്ങിയത് ആയി പ്രഖ്യാപിച്ചത്. ഉത്ഘാടന ചടങ്ങുകൾക്ക് ശേഷം ടൂർണമെന്റിന്റെ ആദ്യ മത്സരവും ഇന്ന് നടക്കുക ഉണ്ടായി.

ആദ്യമത്സരത്തിൽ കട്മത്ത് ദ്വീപിൽ നിന്നു തന്നെയുള്ള ശക്തരായ ലാക് ബീച്ച് ബോയ്സ് സീനിയേഴ്സ്, ടി. ടി. ആർ ബോയ്സ് എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടി. ഏതാണ്ട് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ടി. ടി. ആർ ആണ് ജയം കണ്ടത്. രണ്ടാം പകുതിയിൽ മുന്നേറ്റനിര താരം നസീബ് നേടിയ സോളോ ഗോൾ ആണ് അവർക്ക് ആദ്യം ലീഡ് സമ്മാനിച്ചത്. തുടർന്ന് മത്സരം അവസാനിപ്പിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ സജീദിന്റെ ഗോളിലൂടെ ടി. ടി. ആർ ജയം പൂർത്തിയാക്കി. ടൂർണമെന്റിൽ നാളെ 3 മത്സരങ്ങൾ ആണ് ഉണ്ടാവുക. രാവിലെ നടക്കുന്ന മത്സരത്തിൽ അൽസ മിറാക്കിൾസ് ഇൻവിൻസിബിളിനെ നേരിടുമ്പോൾ വൈകീട്ട് നടക്കുന്ന മത്സരങ്ങളിൽ കോൽഹന ഹള്ളി ലാക് ബീച്ച് ബോയ്‌സ് ജൂനിയേഴ്സിനെയും അമിനി ദ്വീപിൽ നിന്നുള്ള അൽ മിനഹാൽ
അമിഗോസ് എഫ്.സിയേയും നേരിടും.