വനിത സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ത്രില്ലറിൽ ചെൽസിയെ തോൽപ്പിച്ചു ആഴ്‌സണൽ

2018 നു ശേഷം ചെൽസി വനിതകളെ വീഴ്ത്തി പുതിയ പരിശീലകൻ ജൊനാസ് എഡിവാളിന് കീഴിൽ ലീഗിൽ മികച്ച തുടക്കവുമായി ആഴ്‌സണൽ വനിതകൾ. 5 ഗോളുകൾ പിറന്ന ത്രില്ലറിൽ വനിത ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റ് ആയ ചെൽസിയെ ആഴ്‌സണൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആരാധകർക്ക് ആഘോഷമായ പ്രകടനം ആണ് ഇരു ടീമുകളും പുറത്ത് എടുത്തത്. ബെത്ത് മീഡിന്റെ ഇരട്ടഗോളുകൾ ആണ് ആഴ്‌സണലിന് ത്രില്ലർ ജയം സമ്മാനിച്ചത്. 14 മിനിറ്റിൽ വനിത സൂപ്പർ ലീഗിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരിയായ വിവിയന മിയദെമ ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്.
20210906 040015
44 മിനിറ്റിൽ എറിൻ കത്ബർട്ടിലൂടെ ചെൽസി മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ 49, 60 മിനിറ്റുകളിൽ തന്റെ രണ്ടു ഗോളുകളും നേടിയ ബെത്ത് മീഡ് ആഴ്‌സണലിനെ 3-1 നു മുന്നിലെത്തിച്ചു. ആഴ്‌സണലിന്റെ മൂന്നാം ഗോൾ ഓഫ് സൈഡ് സംശയം ഉള്ളത് ആയിരുന്നു. 64 മിനിറ്റിൽ ഹാർഡർ ചെൽസിയുടെ പരാജയഭാരം കുറച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. ആഴ്‌സണലിന്റെ മൂന്നാം ഗോളിൽ അസംതൃപ്തി രേഖപ്പെടുത്തിയ ചെൽസി പരിശീലക എമ്മ ഹെയ്‌സ് വനിത ലീഗിൽ ഉടൻ ‘വാർ’ നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു. പുതിയ പരിശീലകനു കീഴിയിൽ ലീഗ് കിരീടം തന്നെയാവും ഈ സീസണിൽ ആഴ്‌സണൽ ലക്ഷ്യം വക്കുക. മിയദെമക്ക് ഒപ്പം മുന്നേറ്റത്തിന് കരുത്തായി ജപ്പാന്റെ മന ഇവബുച്ചി, ഇംഗ്ലണ്ടിന്റെ നികിത പാരിസ്, അമേരിക്കയുടെ ലോകകപ്പ് ജേതാവ് ടോബിൻ ഹീത്ത് എന്നിവരുടെ വരവ് ആഴ്‌സണലിനെ കൂടുതൽ കരുത്തർ ആക്കുന്നുണ്ട്.

Exit mobile version