Site icon Fanport

WPL 2026-ന് ഇന്ന് തുടക്കം; മുംബൈയും ബെംഗളൂരുവും നേർക്കുനേർ!

WPL

നവി മുംബൈ: വനിതാ പ്രീമിയർ ലീഗിന്റെ (WPL) നാലാം സീസണിന് ഇന്ന് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിരിതെളിയും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.

Smriti, Harmanpreet, WPL

റോയൽ ചലഞ്ചേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയോടെയാണ് സീസൺ തുടങ്ങുന്നത്. ടീമിന്റെ നട്ടെല്ലായിരുന്ന ഓസ്‌ട്രേലിയൻ താരം എലിസ് പെറി വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിൽ നിന്ന് പിന്മാറി. “പെറിയെ പകരം വെക്കാൻ ആർക്കും കഴിയില്ല” എന്നാണ് ക്യാപ്റ്റൻ സ്മൃതി മന്ദാന പ്രതികരിച്ചത്.

പെറിയുടെ കുറവ് നികത്താൻ ഇത്തവണ ‘പവർ ഹിറ്റിംഗിൽ’ കൂടുതൽ ശ്രദ്ധ നൽകുമെന്നും സ്മൃതി വ്യക്തമാക്കി. “ടൈമിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്ന താൻ ഇത്തവണ കൂടുതൽ സിക്സറുകൾ അടിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ടെന്നും” ബെംഗളൂരു ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. സോഫി ഡിവൈൻ, റിച്ച ഘോഷ്, പുതിയ താരം ഡാനി വ്യാട്ട് എന്നിവരിലാണ് ടീമിന്റെ ബാറ്റിംഗ് പ്രതീക്ഷകൾ.

മറുഭാഗത്ത്, ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് അതിശക്തമായ നിരയുമായാണ് എത്തുന്നത്. 2025-ലെ കിരീടവിജയം ആവർത്തിക്കുകയാണ് ലക്ഷ്യം. നതാലി സ്കൈവർ-ബ്രണ്ട്, ഹെയ്‌ലി മാത്യൂസ്, അമേലിയ കെർ എന്നീ ഓൾറൗണ്ടർമാരും ഷബ്നിം ഇസ്മായിലിന്റെ വേഗതയും യുവതാരം സായ്ക ഇഷാക്കിന്റെ സ്പിൻ കരുത്തും ടീമിന് വലിയ ആത്മവിശ്വാസം നൽകും.

Exit mobile version