മുൻ ചാമ്പ്യന്മാരെ നാണം കെടുത്തുന്ന ലോകകപ്പ് ചരിത്രം തുടരുന്നു

ലോകകപ്പ് ഉയർത്തിയാൽ അടുത്ത ലോകകപ്പിൽ നാണംകെടാൻ തയ്യാറായി ഇരിക്കണം എന്നതാണ് ഇപ്പോഴത്തെ പല്ലവി. അതെ നിലവിലെ ചാമ്പ്യന്മാരായി ലോകകപ്പിൽ എത്തുന്നവർക്ക് ഇത് നല്ല കാലമല്ല. കുറെ കാലമായി അത് അങ്ങനെയാണ്. ആ പതിവ് തുടരുകയാണെന്ന് സൂചനകൾ നൽകുകയാണ് ഇന്നത്തെ ജർമ്മനി മെക്സിക്കോ പോരാട്ടവും. 2014 ബ്രസീലിയൻ ലോകകപ്പ് ഉയർത്തിയ ജർമ്മനി ഇന്ന് തോറ്റ് കൊണ്ട് തന്നെ തുടരേണ്ടി വന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ ജർമ്മനിയെ പരാജയപ്പെടുത്തിയത്.

ഈ ജർമ്മൻ പരാജയത്തോടെ അവസാന മൂന്ന് ലോകകപ്പിലും ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ജയിച്ചില്ല എന്ന റെക്കോർഡായി. 2006ൽ ചാമ്പ്യന്മാരായ ഇറ്റലി 2010ൽ തങ്ങളുടെ മത്സരത്തിൽ പരാഗ്വേയോട് സമനില വഴങ്ങിയിരുന്നു. 2010ൽ ചാമ്പ്യന്മാരായ സ്പെയിനാകട്ടെ കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് നാണംകെട്ട് തോൽക്കുകയായിരുന്നു. അന്ന് 5-1 എന്ന സ്കോറിനായിരുന്നു ചാമ്പ്യന്മാരെ ഹോളണ്ട് വീഴ്ത്തിയത്.

1998 ലോകകപ്പ് ജയിച്ചെത്തിയ ഫ്രാൻസ് 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് തോറ്റതും ഫുട്ബോൾ ആരാധകർക്ക് മറക്കാനാകില്ല. ആവസാന നാലു ലോകകപ്പിൽ മൂന്നിലും മുൻ ചാമ്പ്യന്മാർ ഗ്രൂപ്പ് ഘട്ടവും കടന്നിട്ടില്ല. 2002ൽ ഫ്രാൻസും, 2010ൽ ഇറ്റലിയും, 2014ൽ സ്പെയിനും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ബ്രസീൽ മാത്രമാണ് ഇതിനിടയിൽ ചാമ്പ്യന്മാരായി എത്തി ഗ്രൂപ്പ് ഘട്ടം കടന്നത്.

ജർമ്മൻ നിരയ്ക്ക് ഇനി രക്ഷപ്പെടാനുള്ളത് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന നാണക്കേടിൽ നിന്നാണ്. അങ്ങനെ രക്ഷപ്പെടാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തങ്ങളുടെ മികവിലേക്ക് ജർമ്മൻ നിര എത്തേണ്ടതായുണ്ട്. കൊറിയയുൻ സ്വീഡനുമാണ് ജർമ്മനിയുടെ ഇനിയുള്ള എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial