വെംബ്ലിയിൽ ഇംഗ്ലീഷ് തേരോട്ടം! ലോകകപ്പിലെ പക യൂറോ കപ്പിൽ വീട്ടി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ലോകകപ്പ് സെമിയിൽ പരാജയപ്പെടുത്തിയതിനുള്ള കണക്ക് ഇംഗ്ലണ്ട് ലോക ഫുട്ബോളിലെ മറ്റൊരു വലിയ സ്റ്റേജായ യൂറോ കപ്പിൽ തീർത്തു എന്ന് പറയാം. ക്രൊയേഷ്യയെ നേരിട്ട ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങിന്റെ ഗോളാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ജയിക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.

ഇന്ന് വെംബ്ലിയിൽ എല്ലാവരും പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ലൈനപ്പുമായാണ് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ ഇറക്കിയത്. തുടക്കത്തിൽ ആക്രമിച്ചു കൊണ്ട് തുടങ്ങാൻ ഇംഗ്ലണ്ടിനായി. ആറാം മിനുട്ടിൽ ഗോൾ നേടുന്നതിന് അരികിൽ അവർ എത്തി. മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിന്റെ ഇൻസൈഡിൽ തട്ടിയാണ് മടങ്ങിയത്.

ഇതിനു പിന്നാലെ ഫിലിപ്സിലൂടെ ഒരിക്കൽ കൂടെ ക്രൊയേഷ്യ ഡിഫൻസിനെ വിറപ്പിക്കാൻ ഇംഗ്ലണ്ടിനായി. ഒരു കോർണറിൽ നിന്ന് കിട്ടിയ അവസരം പവർ ഫുൾ വോളിയിലൂടെ ഫിലിപ്സ് തൊടുത്തു എങ്കിലും ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച് തടഞ്ഞു. തുടക്കത്തിലെ ഈ അറ്റാക്കുകൾക്ക് ശേഷം കളി വിരസമാകുന്നതാണ് കണ്ടത്‌‌. ആദ്യ പകുതിയിൽ പിന്നെ കാര്യമായ അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചില്ല.

രണ്ടാം പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണ് തുടങ്ങിയത്. എങ്കിലും 57ആം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തു. വലതുവിങ്ങിലൂടെ എത്തിയ ലീഡ താരം കാല്വിൻ ഫിലിപ്സിന്റെ മനീഹരമായ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റഹീം സ്റ്റെർലിങ് ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോൾ കളിക്ക് ജീവൻ നൽകി എന്ന് പറയാം. ഇതിനു പിറകെ ഇരു ഗോൾ മുഖത്തും അറ്റാക്കുകൾ വരാൻ തുടങ്ങി.

ലീഡ് രണ്ടാക്കി ഉയർത്താൻ ഹാരി കെയ്ന് വലിയ അവസരം കിട്ടിയിരുന്നു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 65ആം മിനുട്ടിൽ റെബികിലൂടെ ക്രൊയേഷ്യക്കും അവസരം ലഭിച്ചു. റെബിചിനും ഫിനിഷിംഗിൽ നിലവാരം പുലർത്താൻ ആയില്ല. 70ആം മിനുട്ടിൽ ഇംഗ്ലണ്ട് ഫോഡനെ പിൻവലിച്ച് മാർക്കസ് റാഷ്ഫോർഡിനെ കളത്തിൽ ഇറക്കി. 17കാരനായ ജൂദ് ബെല്ലിങ്ഹാമും ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങി. യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം ഇതോടെ മാറി.

ലീഡ് ഇരട്ടിയാക്കാൻ ശ്രമിക്കാതെ കൃത്യമായി ഡിഫൻഡ് ചെയ്ത് ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 3 പോയിന്റുമായി ടൂർണമെന്റ് ആരംഭിക്കാൻ ആയത് സൗത്ഗേറ്റിനും സംഘത്തിനും ആത്മവിശ്വാസം നൽകും. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഇംഗ്ലണ്ട്.