കൊല്‍ക്കത്തയിലെ ആദ്യ ദിനങ്ങളില്‍ തന്നെ വസീം അക്രമും ഗൗതം ഗംഭീറും ഏറെ സ്വാധീനിച്ചിരുന്നു

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ സ്വാധീനിച്ച വ്യക്തികളായിരുന്നു ടീം ക്യാപ്റ്റന്‍  ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് വസീം അക്രമും എന്ന് പറഞ്ഞ് കുല്‍ദീപ് യാദവ്. തനിക്ക് ടീമില്‍ സ്ഥാനം നല്‍കിയാണ് ടീമിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീര്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്ന് കുല്‍ദീപ് പറഞ്ഞു.

തന്നോട് വളരെയധികം സംസാരിച്ചിരുന്ന വ്യക്തിയാണ് ഗൗതം. തന്റെ തുടക്കക്കാലത്ത് മാത്രമല്ല കൊല്‍ക്കത്തയില്‍ നിന്ന് പോയ ശേഷവും അദ്ദേഹം അതെ സമീപനത്തോടെയാണ് തന്നോട് സംസാരിക്കാറെന്ന് കുല്‍ദീപ് വ്യക്തമാക്കി. ക്യാപ്റ്റന്‍ ആത്മവിശ്വാസം നല്‍കുമ്പോള്‍ അത് ഏതൊരു താരത്തിനും ശക്തി പകരുമെന്നും കുല്‍ദീപ് സൂചിപ്പിച്ചു.

വസീം അക്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലുണ്ടായിരുന്നപ്പോള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്ന മറ്റൊരു വ്യക്തിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് കുല്‍ദീപ് യാദവ്. വസീമിനൊപ്പം ഏറെ നേരം താന്‍ ഡഗ്ഗ് ഔട്ടില്‍ ഇരുന്ന് സംസാരിക്കുമായിരുന്നുവെന്നും ഓരോ മാച്ച് സിറ്റുവേഷനെ അദ്ദേഹം എങ്ങനെ സമീപിക്കുമെന്ന് ചോദിച്ച് ആരായുമായിരുന്നുവെന്നും കുല്‍ദീപ് പറഞ്ഞു.

തുടക്കത്തിലെ ആ ദിനങ്ങളില്‍ തന്നെ വളരെ അധികം സ്വാധീനിച്ച വ്യക്തിയായിരുന്നു പാക് ഇതിഹാസമെന്ന് പറഞ്ഞ കുല്‍ദീപ് വസീമിന് മികച്ച നര്‍മ്മബോധവുമുണ്ടായിരുന്നുവെന്ന് പറഞ്ഞു. അതിനാല്‍ തന്നെ അദ്ദേഹത്തിനോടൊപ്പം സമയം ചെലവഴിക്കാനായത് വളരെ രസകരമായ അനുഭവം ആയിരുന്നുവെന്നും കുല്‍ദീപ് വെളിപ്പെടുത്തി.

Exit mobile version