ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് കഷ്ടകാലം, റാങ്കിങ്ങിൽ മുന്നേറി റിഷഭ് പന്ത്

Staff Reporter

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് പുറത്തുപോയി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തുടർച്ചയായുള്ള മോശം പ്രകടനങ്ങളെ തുടർന്നാണ് വിരാട് കോഹ്‌ലി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് പുറത്തുപോയത്. നിലവിൽ ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ വിരാട് കോഹ്‌ലി പതിമൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 11 റൺസും രണ്ടാം ഇന്നിങ്സിൽ 20 റൺസും മാത്രമാണ് വിരാട് കോഹ്‌ലിക്ക് എടുക്കാനായത്.

അതെ സമയം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ റിഷഭ് പന്ത് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് എത്തി. ടെസ്റ്റ് റാങ്കിങ്ങിൽ താരത്തിന്റെ ഏറ്റവും മികച്ച സ്ഥാനമാണിത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 146 റൺസ് എടുത്ത റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ 57 റൺസ് എടുത്തിരുന്നു. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ട് തന്നെയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ താരം ലബുഷെയിനും മൂന്നാം സ്ഥാനത്ത് മറ്റൊരു ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തുമാണ് ഉള്ളത്.