വിനീത് മാജിക്, പൂനെയെ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല ജയം. 2-1 നാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുനെയെ മറികടന്നത്. ഐ.എസ്.എല്ലിൽ ഈ സീസണിൽ കണ്ട മികച്ച രണ്ടു ഗോളുകൾ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ മത്സരത്തിൽ കേരളം ജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യം ജാക്കിചന്ദിന്റെ മികച്ചൊരു ഗോൾ കണ്ട മത്സരത്തിൽ തോൽക്കാൻ മനസ്സില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് വിനീതിലൂടെ മത്‌സരത്തിൽ ജയം പിടിച്ചെടുക്കുകയായിരുന്നു.

മികച്ച ആക്രമണ ഫുട്ബോൾ നടത്തിക്കൊണ്ടാണ് ഇരു ടീമുകളും മത്സരം തുടങ്ങിയത്. ഗോൾ നേടാനുള്ള ആദ്യ സുവർണ്ണാവസരം ലഭിച്ചത് കേരളത്തിനായിരുന്നു. മൈനസ് പാസ് ലഭിച്ച പന്ത് ക്ലിയർ ചെയ്യുന്നതിൽ പൂനെ ഗോൾ കീപ്പർ വിശാൽ കെയ്ത്ത് പിഴവ് വരുത്തിയപ്പോൾ പന്ത് പിടിച്ചെടുത്ത ഇയാൻ ഹ്യൂം പോസ്റ്റിലേക്ക് അടിക്കുന്നതിന് പകരം പാസ് ചെയ്യാൻ ശ്രമിക്കുകയും പന്ത് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു.

രണ്ടാം പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഇയാൻ ഹ്യൂം പരിക്കേറ്റു പുറത്തുപോയത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ഗോൾ നേടാനുള്ള ശ്രമത്തിനൊടുവിൽ പൂനെ ഗോൾ കീപ്പർ വിശാൽ കെയ്‌ത്തുമായി കൂട്ടിയിടിച്ചാണ് ഹ്യൂമീന് പരിക്കേറ്റത്. ലിഗമെന്റിനു പരിക്ക് പറ്റിയ ഹ്യൂമിനു എത്രമത്സരങ്ങൾ നഷ്ടമാവുമെന്നു ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ പിറന്നത്. ഐ.എസ്.എല്ലിലെ ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്. പെനാൽറ്റി ബോക്സിന്റെ പുറത്തു നിന്ന് ഗുഡ്‌ജോൺ നൽകിയ പാസ് സ്വീകരിച്ച് ജാക്കിചന്ദ് തൊടുത്ത ഷോട്ട് പൂനെ ഗോൾ കീപ്പർക്കു ഒരു അവസരവും നൽകാതെ ഗോളാവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടുന്നതിന്റെ തൊട്ടു മുൻപ് പൂനെ സിറ്റിയുടെ മർസെലിഞ്ഞോക്ക് ലഭിച്ച അവസരം ബാറിൽ തട്ടി തെറിച്ചതും പൂനെ സിറ്റിക്ക് വിനയായി.

തുടർന്നാണ് പൂനെ മത്സരത്തിൽ സമനില പിടിച്ചത്.  അൽഫാറോയെ പെനാൽറ്റി ബോക്സിൽ സുഭാശിഷ് റോയ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കി കൊണ്ടാണ് പൂനെ സമനില പിടിച്ചത്. പെനാൽറ്റി എടുത്ത അൽഫാറോ സുഭാശിഷ് റോയിക്ക് ഒരു അവസരം നൽകാതെ വല കുലുക്കുകയായിരുന്നു. റിപ്ലേയിൽ സുഭാശിഷ് റോയ് പന്ത് തൊട്ടത് വ്യക്തമായിരുന്നെങ്കിലും റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു.

പക്ഷെ തോൽക്കാൻ മനസ്സില്ലാത്ത കേരള ബ്ലാസ്റ്റേഴ്‌സ് വിനീതിലൂടെ മത്‌സരത്തിൽ ലീഡ് നേടി. പെകുസൺ നൽകിയ പാസ് സ്വീകരിച്ച വിനീത് മികച്ചൊരു ഇടം കാലൻ ഷോട്ടിലൂടെ പുനെ ഗോൾ വല കുലുക്കുകയായിരുന്നു. ചെന്നൈയിന് എതിരെയും വിനീത് അവസാന നിമിഷം ഗോൾ നേടിയിരുന്നു. ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

നാലാം മഞ്ഞ കാർഡ് കണ്ട സന്തോഷ് ജിങ്കന് അടുത്ത മത്സരം നഷ്ട്ടമാകും. എ.ടി.കെക്കെതിരെ കൊൽക്കത്തയിൽ വെചുള്ള മത്സരമാണ് നഷ്ടമാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial