യു.എസ് ഓപ്പൺ – ‘ലാസ്റ്റ് ഡാൻസി’നു ഒരുങ്ങി സെറീന വില്യംസ്, കിരീടം നിലനിർത്താൻ എമ്മ, ജയിക്കാൻ ഉറച്ച് ഇഗ | Report

യു.എസ് ഓപ്പൺ – സ്വന്തം മണ്ണിൽ കരിയർ അവസാനിപ്പിക്കാൻ ഇതിഹാസതാരം സെറീന വില്യംസ്.

ഈ വർഷത്തെ യു.എസ് ഓപ്പണിൽ ആരു കിരീടം നേടിയാലും അതിനെക്കാൾ എല്ലാം അത് അറിയപ്പെടുക സെറീന വില്യംസിന്റെ അവസാന ടൂർണമെന്റ് എന്ന നിലയിൽ തന്നെയാവും. 22 ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ കൈവരിച്ച തന്റെ ഐതിഹാസിക കരിയറിന് ശേഷം യു.എസ് ഓപ്പണിൽ ഇറങ്ങുമ്പോൾ കിരീതപ്രതീക്ഷ ഇല്ലെങ്കിലും എങ്ങാനും ഒരു സ്വപ്ന നേട്ടം പിറന്നാലോ എന്ന നേരിയ സ്വപ്നം ആരാധകർ വച്ചു പുലർത്തുന്നുണ്ട്. ആദ്യ റൗണ്ടിൽ കടുത്ത വെല്ലുവിളി തന്നെയാവും 80 റാങ്കുകാരിയായ ഡാൻക കോവിനിചിയിൽ നിന്നു പക്ഷെ സെറീന നേരിടുക. രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആണെങ്കിൽ രണ്ടാം സീഡ് അന്നറ്റ് കോണ്ടവെയിറ്റ് എന്ന വലിയ വെല്ലുവിളിയും സെറീനയെ കാത്തിരിക്കുന്നുണ്ട്. അതിനാൽ തന്നെ തന്റെ പഴയ മികവിന്റെ നിഴൽ മാത്രമായ സെറീനയിൽ നിന്നു വലിയ അത്ഭുതം ഒന്നും പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. എന്നാൽ ലാസ്റ്റ് ഡാൻസിൽ സെറീന വിശ്വരൂപം കാണിക്കുമോ എന്നു കണ്ടറിയാം.

യു.എസ് ഓപ്പൺ

സീസണിൽ ഉടനീളം മികവ് തുടർന്ന ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക് വിംബിൾഡൺ നിരാശ മറക്കാൻ ആവും യു.എസ് ഓപ്പണിൽ ഇറങ്ങുക. ഹാർഡ് കോർട്ടിൽ അതിശക്തയായ ഇഗ സീസണിലെ മികവിലേക്ക്‌ ഉയർന്നാൽ താരത്തെ ആർക്കും പിടിച്ചു കെട്ടുക എളുപ്പം ആവില്ല. ആദ്യ റൗണ്ടിൽ ഇറ്റാലിയൻ ജാസ്മിൻ പൗളോനിയെ നേരിടുന്ന ഇഗക്ക് രണ്ടാം റൗണ്ടിൽ 2018 ലെ ജേതാവ് സ്ലൊയെൻ സ്റ്റീഫൻസിനെ ആവും നേരിടേണ്ടി വരിക. നാലു ഗ്രാന്റ് സ്‌ലാം ജേതാക്കൾ ആണ് ഇഗയുടെ ക്വാർട്ടറിൽ ഇടം പിടിച്ചത്. ഒമ്പതാം സീഡ് ഗബ്രീൻ മുഗുരുസ, പതിനാറാം സീഡ് യലേന ഒസ്റ്റപെങ്കോ, 21 സീഡ് പെഡ്ര ക്വിറ്റോവ എന്നിവർക്ക് പുറമെ എട്ടാം സീഡ് ജെസിക്ക പെഗ്യുല, 24 സീഡ് അമാന്ത അനിസിമോവ, എൽസി മെർട്ടൻസ് എന്നിവരും ഈ ക്വാട്ടറിൽ ആണ്. എങ്കിലും സെമിഫൈനലിൽ അനായാസം ഇഗ എത്തേണ്ടത് തന്നെയാണ്. 19 കാരിയായ ചൈനീസ് താരം ചെങ് ക്വിൻവനിനെ ആദ്യ റൗണ്ടിൽ നേരിടുന്ന ഒസ്റ്റപെങ്കോ കടുത്ത പോരാട്ടം ആവും നേരിടുക.

യു.എസ് ഓപ്പൺ

രണ്ടാം സീഡ് ആയ അന്നറ്റ് കോണ്ടവെയിറ്റ് ആദ്യ റൗണ്ടിൽ ജെസിക്ക ക്രിസ്റ്റിയനെ നേരിടുമ്പോൾ രണ്ടാം റൗണ്ടിൽ സെറീന വില്യംസ് ആവും താരത്തെ കാത്തിരിക്കുക. ഈ ക്വാർട്ടറിൽ ആണ് അഞ്ചാം സീഡ് ഒൻസ് ജെബ്യുറും, ഒരിക്കൽ കൂടി മാഡിസൺ ബ്രിഗൾ ആണ് ഒൻസിന്റെ ആദ്യ റൗണ്ടിലെ എതിരാളി. അത്ഭുതം സംഭവിച്ചില്ലെങ്കിൽ അന്നറ്റ്, ഒൻസ് ക്വാർട്ടർ ഫൈനൽ ആവും കാണാൻ സാധിക്കുക. എന്നാൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റും 14 സീഡും ആയ ലൈയ്ല ഫെർണാണ്ടസ്, സാൻ ജോസ് കിരീടം നേടിയ പത്താം സീഡ് ദാരിയ കസറ്റ്കിന, 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവും 23 സീഡും ആയ ബാർബറ ക്രജികോവ എന്നിവരും ഈ ക്വാർട്ടറിൽ ശ്രദ്ധിക്കേണ്ടവർ തന്നെയാണ്. കരിയറിലെ അവസാന ടൂർണമെന്റിൽ സെറീന വില്യംസിൽ തന്നെയാവും ആദ്യ റൗണ്ടിൽ എല്ലാ കണ്ണുകളും.

Simona Halep Australian Open

മൂന്നാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരി ആദ്യ റൗണ്ടിൽ വിംബിൾഡൺ സെമിഫൈനലിൽ എത്തി അത്ഭുതം കാണിച്ച താത്‌ജാന മരിയയെ ആണ് നേരിടുക. ടൂർണമെന്റിൽ ഏറ്റവും കടുത്ത ക്വാർട്ടർ ആണ് ഇത്. ടൊറന്റോ ഓപ്പൺ ജേതാവും ഏഴാം സീഡും ആയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സിമോണ ഹാലപ്, പന്ത്രണ്ടാം സീഡ് അമേരിക്കൻ യുവതാരം കൊക്കോ ഗോഫ്, സിൻസിനാറ്റി ഓപ്പൺ ജേതാവും 17 സീഡും ആയ കരോളിന ഗാർസിയ, സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനലിൽ എത്തിയ 20 സീഡ് മാഡിസൺ കീയ്സ്, മുൻ ജേതാവ് ബിയാങ്ക ആന്ദ്രീസ്കു എന്നിവർ എല്ലാം ഈ ക്വാർട്ടറിൽ ആണ് ഉൾപ്പെടുന്നത്. യോഗ്യത കളിച്ചു വരുന്ന താരങ്ങളെ ആവും ഹാലപ്, ഗാർസിയ, ഗോഫ് എന്നിവർ ആദ്യ റൗണ്ടിൽ നേരിടുക. ആന്ദ്രീസ്കു യോഗ്യത കളിച്ചു എത്തിയ ഹാൻ ടാനിനെ ആദ്യ റൗണ്ടിൽ നേരിടുമ്പോൾ കീയ്സ് യാറ്റ്റമ്സ്കയെ ആണ് നേരിടുക.

Cocogauff

നാലാം സീഡ് ആയ പൗള ബഡോസ ആദ്യ റൗണ്ടിൽ ലസിയ സുരെങ്കോയെ ആണ് നേരിടുക. ഈ ക്വാർട്ടറിൽ ആണ് നിലവിലെ ജേതാവ് എമ്മ റാഡുകാനുവും ഇടം പിടിച്ചത്. തന്റെ തുടർച്ചയായ 63 മത്തെ ഗ്രാന്റ് സ്‌ലാം കളിക്കാൻ ഇറങ്ങുന്ന ആലീസ് കോർണറ്റ് ആണ് ആദ്യ റൗണ്ടിൽ 11 സീഡ് ആയ എമ്മയുടെ എതിരാളി. രണ്ടു തവണ യു.എസ് ഓപ്പൺ ജയിച്ച നയോമി ഒസാക്ക ആദ്യ റൗണ്ടിൽ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും 19 സീഡും ആയ ഡാനിയേല കോളിൻസിനെ ആണ് നേരിടുക. മൂന്നാം റൗണ്ടിൽ എമ്മ, നയോമി പോരാട്ടത്തിനും സാധ്യതയുണ്ട്. നിലവിലെ വിംബിൾഡൺ ജേതാവും 25 സീഡും ആയ എലേന റിബാക്കിന ആദ്യ റൗണ്ടിൽ യോഗ്യത കളിച്ചു വരുന്ന താരത്തെ ആണ് നേരിടുക. രണ്ടാം റൗണ്ടിൽ വൈൽഡ് കാർഡ് ആയി ടൂർണമെന്റിന് എത്തിയ ഇതിഹാസതാരം വീനസ് വില്യംസ് ചിലപ്പോൾ കസാഖിസ്ഥാൻ താരത്തിന് എതിരാളി ആയേക്കും. 2021 ലെ യു.എസ് ഓപ്പൺ സെമിഫൈനലിസ്റ്റും ആറാം സീഡും ആയ ആര്യാന സബലങ്ക, 2019 ലെ സെമിഫൈനലിസ്റ്റും 12 സീഡും ആയ ബലിന്ത ബെനചിച്, മൂന്നു തവണ ഫൈനൽ കളിച്ച 26 സീഡ് വിക്ടോറിയ അസരങ്ക, 2016 ലെ ഫൈനൽ കളിച്ച 22 സീഡ് കരോളിന പ്ലിസ്കോവ എന്നിവർ ഇതേ ക്വാർട്ടറിൽ തന്നെയാണ്. അതിനാൽ തന്നെ അട്ടിമറികൾ കാണാവുന്ന ഒരു ക്വാർട്ടർ തന്നെയാണ് ഇത്.

Osaka

സമീപകാലത്ത് ഇഗ സ്വിറ്റെക് ആധിപത്യം വനിത ടെന്നീസിൽ ഒരു സ്ഥിരത നൽകിയെങ്കിലും ഈ കഴിഞ്ഞ വിംബിൾഡൺ ആ പ്രതീക്ഷകൾ തകിടം മറിച്ചു. ഒരിക്കൽ കൂടി ഒരു അപ്രതീക്ഷിത ഗ്രാന്റ് സ്‌ലാം ജേതാവിനെ വനിത ടെന്നീസിൽ കാണാൻ സാധിച്ചു. അതിനാൽ തന്നെ ഇഗക്ക് വലിയ സാധ്യത കൽപ്പിക്കുന്ന സമയത്തും ന്യൂയോർക്കിൽ എന്തും സംഭവിക്കാം എന്ന കാര്യം ആരാധകർക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ വർഷം കണ്ട ടീനേജ് ഫൈനൽ പോലൊരു അത്ഭുതം പോലെ എന്തെങ്കിലും ന്യൂയോർക്ക് കരുതി വച്ചു കാണണം. എന്നാൽ ഉറപ്പായിട്ടും കിരീട നേട്ടത്തെക്കാൾ ടെന്നീസ് ആരാധകർ ഉറ്റു നോക്കുക സെറീന വില്യംസ് എന്ന ടെന്നീസിലെ എക്കാലത്തെയും മഹത്തായ താരം തന്റെ അവസാന ടൂർണമെന്റിൽ സ്വന്തം മണ്ണിൽ എന്ത് മാജിക് കാണിക്കും എന്നത് തന്നെയാവും.

Story Highlight : US Open women’s draw and preview.