ജ്യോക്കോവിച്ച് ഇല്ലാത്ത യു.എസ് ഓപ്പൺ, യുവതലമുറയോട് പൊരുതാൻ റാഫേൽ നദാൽ | Report

യു.എസ് ഓപ്പൺ – ഡാനിൽ മെദ്വദേവ് ഒന്നാം സീഡ്, റാഫേൽ നദാൽ രണ്ടാം സീഡ്.

കൂടുതൽ ശക്തരായ യുവതലമുറയെ തോൽപ്പിച്ചു റാഫേൽ നദാൽ തന്റെ 23 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും അഞ്ചാം യു.എസ് ഓപ്പണും നേടുമോ എന്നത് തന്നെയാവും ഈ യു.എസ് ഓപ്പൺ ഉയർത്തുന്ന പ്രധാന ചോദ്യം. ഒരിക്കൽ കൂടി വാക്സിനേഷൻ എടുക്കില്ല എന്ന നിലപാട് നൊവാക് ജ്യോക്കോവിച്ചിന് വില്ലനായപ്പോൾ താരം ടൂർണമെന്റിൽ നിന്നു പിന്മാറി. അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി വാക്സിനേഷൻ എടുക്കാത്ത സെർബിയൻ താരത്തിന് നിഷേധിച്ച അധികൃതർ ടെന്നീസ് അധികൃതരുടെയും ആരാധകരുടെയും ആവശ്യത്തിന് ചെവി കൊടുത്തില്ല. ഹാർഡ് കോർട്ടിലെ ഏറ്റവും വലിയ ശക്തൻ ജ്യോക്കോവിച്ച് ഇല്ല എന്നത് തന്നെ നദാലിന് ആശ്വാസം പകരുന്ന വസ്തുതയാണ്.

യു.എസ് ഓപ്പൺ

യു.എസ് ഓപ്പൺ കിരീടം നേടാൻ ഏറ്റവും സാധ്യത ഉറപ്പായിട്ടും ഒന്നാം സീഡ്, നിലവിലെ ജേതാവ് ഡാനിൽ മെദ്വദേവിനു തന്നെയാണ്. റഷ്യൻ പതാകക്ക് കീഴിയിൽ ആയിരിക്കില്ല താരം കളിക്കുക എന്നു മാത്രം. ആദ്യ റൗണ്ടിൽ കോസ്ലോവ് ആണ് താരത്തിന്റെ എതിരാളി. നാലാം റൗണ്ടിൽ നിക് കിർഗിയോസ്, ക്വാർട്ടർ ഫൈനലിൽ നാട്ടുകാരൻ ആന്ദ്ര റൂബ്ലേവ്, ഫെലിക്‌സ് ആഗർ അലിയാസ്മെ എന്നിവർ ആവും സെമി വരെ മെദ്വദേവിനു വലിയ വെല്ലുവിളി ആവാൻ സാധ്യതയുള്ള എതിരാളികൾ. സെമിയിൽ സിൻസിനാറ്റി സെമിയിൽ തന്നെ തോൽപ്പിച്ച സ്റ്റെഫനോസ് സിറ്റിപാസ് ആയേക്കും മെദ്വദേവിന്റെ എതിരാളി. ഫൈനലിൽ നദാൽ, അൽകാരസ് എന്നിവരിൽ ഒരാൾക്ക് തന്നെയാണ് കൂടുതൽ സാധ്യത. അമേരിക്കയിൽ കിരീടം നിലനിർത്താൻ എതിരാളികൾക്ക് ഒപ്പം കാണികളെയും ഒരിക്കൽ കൂടി മെദ്വദേവ് മറികടക്കേണ്ടത് ഉണ്ട്.

Medvedev

നാലു തവണ ജേതാവ് ആയ നദാൽ ന്യൂയോർക്കിൽ രണ്ടാം സീഡ് ആണ്. വിംബിൾഡൺ സെമി കളിക്കാതെ പരിക്കേറ്റു പിന്മാറിയ നദാൽ തിരിച്ചു വരവിൽ സിൻസിനാറ്റിയിൽ ആദ്യ റൗണ്ടിൽ ചോരിചിനോട് തോറ്റു പുറത്ത് പോയിരുന്നു. ആദ്യ റൗണ്ടിൽ യോഗ്യത മത്സരം ജയിച്ചു വരുന്ന ഹിജിക്കാതയെ നേരിടുന്ന നദാലിന് നാലാം റൗണ്ടിൽ ഷ്വാർട്സ്മാൻ ക്വാർട്ടർ ഫൈനലിൽ റൂബ്ലേവ് എന്നിവർ മികച്ച വെല്ലുവിളി നൽകും. ഫൈനലിൽ എത്താൻ കാർലോസ് അൽകാരസ്, യാനിക് സിന്നർ എന്നീ യുവതാരങ്ങൾ എന്ന വലിയ വെല്ലുവിളിയും നദാലിന് ഉണ്ട്. ഫൈനലിൽ 2019 ലെ എതിരാളി മെദ്വദേവ്, സിറ്റിപാസ് എന്നിവരിൽ ഒരാൾ എതിരാളി ആയി വരാൻ തന്നെയാണ് കൂടുതൽ സാധ്യത. ശാരീരിക ക്ഷമത നദാൽ എത്രത്തോളം കൈവരിക്കും എന്നത് തന്നെയായിരിക്കും താരത്തിന്റെ വിധി എഴുതുന്ന പ്രധാന ഘടകം.

സിൻസിനാറ്റി ഓപ്പൺ Alcaraz

മൂന്നാം സീഡ് ആണ് യുവ സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ ന്യൂയോർക്കിൽ. ആദ്യ മത്സരത്തിൽ ബേസിനെ നേരിടുന്ന അൽകാരസിന് കടുത്ത പോരാട്ടം ആണ് മുന്നിലുള്ളത്. മൂന്നാം റൗണ്ടിൽ സിൻസിനാറ്റി ജേതാവ് ആയ ബോർണ ചോറിച്, നാലാം റൗണ്ടിൽ മാരിൻ ചിലിച്, ക്വാർട്ടർ ഫൈനലിൽ വിംബിൾഡണിൽ തനിക്ക് വില്ലൻ ആയ യാനിക് സിന്നർ എന്നിവർ ആയിരിക്കും അൽകാരസിനെ കാത്തിരിക്കുന്ന എതിരാളികൾ. നാലാം സീഡ് ആയ സ്റ്റെഫനോസ് സിറ്റിപാസ് ആദ്യ റൗണ്ടിൽ യോഗ്യത നേടി വരുന്ന താരത്തെയാണ് നേരിടുക. മുൻ സെമിഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനിയെ നാലാം റൗണ്ടിൽ നേരിടേണ്ടി വന്നേക്കാം എന്നത് ഗ്രീക്ക് താരത്തിന് വലിയ വെല്ലുവിളിയാണ്. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് കാസ്പർ റൂഡ്, സെമിയിൽ ഒന്നാം സീഡ് മെദ്വദേവ്, ഫൈനലിൽ രണ്ടാം സീഡ് നദാൽ, മൂന്നാം സീഡ് അൽകാരസ് ഇങ്ങനെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്താൻ സിറ്റിപാസ് വലിയ വെല്ലുവിളി ആണ് അതിജീവിക്കേണ്ടത്.

പരിക്കിൽ നിന്നു മോചിതനായി എത്തുന്ന 2020 ലെ ചാമ്പ്യൻ ഡൊമനിക് തീം വൈൽഡ് കാർഡ് ആയി ടൂർണമെന്റ് കളിക്കും. ആദ്യ മത്സരത്തിൽ പന്ത്രണ്ടാം സീഡ് പാബ്ലോ കരെനോ ബുസ്റ്റയാണ് തീമിന്റെ എതിരാളി. ആന്റി മറെ, മുൻ ജേതാവ് സ്റ്റാൻ വാവറിങ്ക എന്നിവരും ടൂർണമെന്റിന് ഉണ്ട്. 25 സീഡ് ആയ സിൻസിനാറ്റി ജേതാവ് ബോർണ ചോറിച്ചിന് ആ മികവ് യു.എസ് ഓപ്പണിൽ തുടരാൻ ആവുമോ എന്നു കണ്ടറിയണം. 2020 ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം ആദ്യമായി സീഡ് ചെയ്യപ്പെട്ട നിക് കിർഗിയോസിന്റെ പ്രകടനം ആണ് ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രകടനം. 23 സീഡ് ആയ കിർഗിയോസ് നല്ല ഫോമിലും ആണ്. വിംബിൾഡൺ ഫൈനലിൽ എത്തിയ മികവ് താരം ആവർത്തിച്ചാൽ അത് ആരാധകർക്ക് വലിയ വിരുന്നു തന്നെയാവും സമ്മാനിക്കുക.

Story Highlight : US Open men’s draw and preview.