2010 ആവർത്തിക്കാൻ ഓസ്കാർ ടെബരാസിന്റെ ഉറുഗ്വ

Photo: beinsports.com

2014 ലോകകപ്പിൽ ഇറ്റലിക്കും, ഇംഗ്ലണ്ടിനും, കോസ്റ്റാറിക്കക്കും ഒപ്പം ലോകകപ്പിലെ മരണഗ്രൂപ്പിലായിരുന്നു ഉറുഗ്വയുടെ സ്ഥാനം. എന്നാൽ ഇംഗ്ലണ്ടിനും ഇറ്റലിക്കും പുറത്തേക്ക് വഴിതുറന്ന ഉറുഗ്വക്ക് പക്ഷെ ഇത്തവണ ലോകകപ്പിലെ തന്നെ ഏറ്റവും എളുപ്പം ഗ്രൂപ്പാണ് ലഭിച്ചത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചാവും ഉറുഗ്വ റഷ്യയിൽ പന്തു തട്ടാനിറങ്ങുക. എന്നാൽ റഷ്യയെയും, സൗദിയേയും, ഈജ്പ്തിനേയും ഒന്ന് കരുതണമെന്ന് ഉറുഗ്വക്ക് നന്നായറിയാം. ലോകകപ്പിലെ പ്രഥമ ചാമ്യന്മാരായ ഉറുഗ്വക്ക് ഇത് 13 മത്തെ ലോകകപ്പാണ്. തന്റെ രണ്ടാം അവസരത്തിൽ 2006 മുതൽ കോച്ചായി തുടരുന്ന ഓസ്കാർ ടാബരാസിന് കീഴിൽ നാലാമത്തേതും ലോകകപ്പ്. 2 തവണ ലോകകിരീടമുയർത്തിയ അവർ 2010 ഉൾപ്പെടെ 4 തവണ ലോകകപ്പിൽ നാലാം സ്ഥാനത്തുമെത്തി. 2010 ലെ ഡീഗോ ഫോർലാനു കീഴിൽ അണിനിരന്ന ഉറുഗ്വയുടെ സുവർണ്ണ തലമുറയിൽ പലരുടേതും അവസാനലോകകപ്പുമാവും ഇത്.

കഴിഞ്ഞ കുറെ വർഷങ്ങളായി പ്ലേഓഫിലൂടെ ലോകകപ്പ് യോഗ്യത നേടുന്ന ഉറുഗ്വ ഇത്തവണ പതിവ് തെറ്റിച്ചു. ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീലിന് പിന്നിലായി രണ്ടാമതായി റഷ്യയിലേക്ക് നേരിട്ട് യോഗ്യത. തന്റെ നാലാം ലോകകപ്പിന് ഉറുഗ്വയെ നയിക്കുന്ന ഓസ്കാർ ടാബരസിന്റെ തന്ത്രങ്ങളാവും എന്നത്തേയും പോലെ ഉറുഗ്വയുടെ വലിയ ശക്തി. 2016 മുതൽ അസുഖം മൂലം വീൽചെയറിലാക്കിയെങ്കിലും ഊർജ്ജം ഒട്ടും ചോർന്നിട്ടില്ല ഓസ്കാർ ടെബരാസ് എന്ന 70 കാരനിൽ. എന്നും അക്രമാസ്മകത ഫുട്ബോൾ തന്നെയാണ് ഉറുഗ്വയുടെ മുഖമുദ്ര. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് മുന്നേറ്റക്കാരെ മുൻനിർത്തി 4-4-2 ശൈലിയിലാവും ടാബരസ് തന്റെ ടീമിനെ ഒരുക്കുക. തികച്ചും അക്രമാത്മകമായ നിരയാണ് ഉറുഗ്വക്ക് ഉള്ളത്. യുവത്വവും പരിചയസമ്പത്തും സമന്വയിച്ച മികച്ച നിര. 2022 വരെ തുടരുന്ന പദ്ധതി തയ്യാറാക്കുന്ന എൽ മാസ്ട്രോ അല്ലങ്കിൽ ദ ടീച്ചർ എന്നറിയപ്പെടുന്ന ഓസ്കാർ ടാബരാസിന് ഇത് ചിലപ്പോൾ അവസാന ലോകകപ്പായേക്കും.

ഉറുഗ്വയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച 10 ൽ 7 പേരും ഈ ടീമിൽ കളിക്കുന്നു എന്നത് ഉറുഗ്വയുടെ പരിചയസമ്പത്ത് എടുത്ത് കാണിക്കുന്നു. അതിനാൽ തന്നെ ടീമിനായി എന്തും നൽകാൻ തയ്യാറാവും അവരെത്തുക. ഗോൾ വലക്ക് കീഴിൽ ഫെർണാർഡോ മുസലെരയാവും ഉറുഗ്വ വല കാക്കുക. പ്രതിരോധം കാക്കാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധനിരതാരമായ ക്യാപ്റ്റനും അത്ലെറ്റിക്കോ മാഡ്രിഡ്‌ താരവുമായ ഡീഗോ ഗോഡിന്റെ നേതൃത്വത്തിൽ മികച്ച സംഘമാണ് ഉറുഗ്വക്ക് ഉള്ളത്. 100 ലേറെ മത്സരങ്ങളിലെ അനുഭവസമ്പത്തിന്റെ കരുത്താണ് മാക്സി പെരേരക്ക്‌ കൂട്ട്. ഒപ്പം അത്ലെറ്റിക്കോ മാഡ്രിഡിന്റെ തന്നെ സെബാസ്റ്റ്യൻ കോട്ടസ്, ഗിമെനെസ്, കാസരെസ് എന്നിവരും ഉറുഗ്വക്കുണ്ട്. എങ്കിലും ടീമിനായി എന്തും ചെയ്യാൻ മടിക്കാത്ത തളരാത്ത പോരാളിയായ ഗോഡിൻ തന്നെയാണ് ഉറുഗ്വയുടെ പ്രതിരോധമതിൽ.

അനുഭവ കരുത്തിനൊപ്പം അക്രമാത്മകമായൊരു മികച്ച യുവനിരയാണ് ഉറുഗ്വയുടേത്. യുവന്റെസിന്റെ റോഡ്രികോ ബെന്റകുർ, ഇന്റർ മിലാന്റെ മാത്യാസ് വെസിനോ, കാർലോസ് സാഞ്ചസ് എന്നിവർ അണിനിരക്കുന്ന ഉറുഗ്വ മധ്യനിരയിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ പലതുണ്ട്. ഫോർലാന്റെ പിൻകാമിയായി വാഴ്ത്തുന്ന ഗിറോഗൻ ഡെ അരകാറ്റക്ക് ഇത് കഴിവ് തെളിയിക്കാനുള്ള വലിയ വേദിയാണ്. ഇപ്പോൾ ബ്രസീലിയൻ ലീഗിൽ കളിക്കുന്ന താരത്തിന് തന്റെ കഴിവ് കാണിക്കാൻ ഇതിലും വലിയ അവസരം വേറെയില്ല. ഒപ്പം റയൽ മാഡ്രിഡിന്റെ 19 കാരൻ ഫെഡറികോ മാൽവെർഡെ, ബൊക്ക ജൂനിയേർസിന്റെ 21 കാരൻ നാഹിതൻ നാന്റസിനും ഇത് വലിയ അവസരമാണ്. ഈ യുവതാരങ്ങളെ വിശ്വാസത്തിലെടുക്കുന്ന ടാബരസ് ഇവർക്ക് റഷ്യയിൽ അവസരം നൽകുമെന്നുറപ്പാണ്. പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത വിനാശകാരിയായ മുന്നേറ്റനിരയാണ് ഉറുഗ്വക്ക്‌ ഉള്ളത്. ബാഴ്സലോണയുടെ ലൂയി സുവാരസും പി.എസ്.ജിയുടെ എഡിസൺ കവാനിയും. ഉറുഗ്വ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ ലൂയി സുവാരസ് ഏത് ടീമിന്റേയും പേടിസ്വപ്നമാണ്. ഏത് പ്രതിരോധപൂട്ടും മറികടക്കുന്ന സുവാരസിന്റെ ജയിക്കാനായി എന്തും ചെയ്യുന്ന പ്രകൃതവും കഠിനാദ്ധ്വാനവും ഏത് ടീമിനും മുതൽ കൂട്ടാണ്. സീസണിൽ ഉജ്ജ്വല ഫോമിലാണ് കവാനി. പി.എസ്.ജിക്കായി ഗോളടിച്ച് കൂട്ടിയ കവാനി തന്നെയാണ് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 10 ഗോളടിച്ച്‌ ഉറുഗ്വയുടെ ടോപ്പ് സ്കോററുമായത്. കവാനിയും സുവാരവും ഫോം കണ്ടെത്തിയാൽ ഉറുഗ്വയുടെ മുന്നേറ്റം തടയാൻ എതിർ ടീമുകൾ കൂടുതൽ വിയർക്കേണ്ടി വരും.

എന്നാൽ ലൂയി സുവാരസിന്റെ അച്ചടക്കം ഇത്തവണയും ലോകകപ്പിലെ ചർച്ച വിഷയമാകുമോ എന്ന് കണ്ടറിയണം. 2010 ൽ ക്വാട്ടറിൽ ഘാനക്കെതിരെ ഉറച്ച ഗോളവസരം കൈ കൊണ്ട് തടഞ്ഞ് വിലക്ക് നേരിട്ട സുവാരസ് 2014 ലിൽ ഇറ്റലി താരം ചെല്ലിനിയെ കടിച്ച് 9 മത്സരങ്ങളിലാണ് വിലക്ക് നേരിട്ടത്. എങ്കിലും 2 ലോകകപ്പിലുമായി 5 ഗോളടിച്ച സുവാരസ് നല്ല കുട്ടിയായി തുടർന്നാൽ ടീമാനത് വലിയ നേട്ടമാവും. 15 തവണ കോപ്പ അമേരിക്കയും 2 തവണ ലോകകപ്പും ഉയർത്തിയ ഉറുഗ്വ നേരിടുന്ന പ്രധാന വെല്ലുവിളി സ്ഥിരതയില്ലായ്മയും കൗണ്ടർ അറ്റാക്കിനെ ശരിക്ക് പ്രതിരോധിക്കാനറിയാത്തതുമാണ്. എങ്കിലും ടാബരസിന്റെ ടീം ലോകകപ്പിൽ രണ്ടാം റൗണ്ടിനപ്പുറം മുന്നേറിയാലും അത്ര അതിശയിക്കേണ്ടി വരില്ല. രണ്ടാം റൗണ്ടിൽ സ്പെയിനോ പോർച്ചുഗലോ എതിരാളിയായി എത്തുമെങ്കിലും പറ്റുന്നിടം വരെ മുന്നേറാനാവും ഉറുഗ്വ ശ്രമം. എന്നാൽ ഗ്രൂപ്പ് എയിൽ നിന്ന് ഉറുഗ്വ മുന്നേറിയില്ലെങ്കിൽ അത് ലോകകപ്പിലെ വലിയ ഞെട്ടലുകളിലൊന്നാവും എന്നുറപ്പാണ്, ഒന്നും പ്രവചിക്കാനാവില്ല കാരണം ഇത് ലൂയി സുവാരസിന്റെ ഉറുഗ്വയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങള്‍
Next articleഇന്ത്യൻ ടീമിൽ നിന്ന് സൗവിക് ചക്രവർത്തിയും പുറത്ത്