റഷ്യയിലേക്ക് അപരാജിതരായി എത്തുന്ന രാജ്യങ്ങൾ ഇവർ

- Advertisement -

റഷ്യയിലേക്ക് വിമാനം കയറിയ ടീമുകളിൽ ഒരു രണ്ട് വർഷത്തോളമായി പരാജയമറിയാത്ത ടീമുകൾ വരെ ഉണ്ട് എന്നതാണ് കാര്യം. ഒരു പറ്റം ടീമുകളുടെ അപരാജിത കുതിപ്പുകൾ റഷ്യയിൽ അവസാനിച്ചേക്കും. ആ കുതിപ്പ് അവസാനിക്കാത്തവർക്ക് ലോകകപ്പ് കിരീടവുമായി റഷ്യ വിടാൻ ഭാഗ്യവുമുണ്ടായേക്കാം. റഷ്യയിലേക്ക് പറക്കുന്ന രാജ്യങ്ങളിൽ ഏറ്റവും മികച്ച അപരാജിത റെക്കോർഡ് ഉള്ളത് സ്പെയിനിനാണ്. അവസാന 20 മത്സരങ്ങളിൽ സ്പെയിൻ പരാജയം അറിഞ്ഞിട്ടില്ല.

സ്പെയിൻ അവസാനമായി പരാജയം രുചിച്ചത് കഴിഞ്ഞ യൂറോ കപ്പിൽ ആയിരുന്നു. ഇറ്റലിയായിരുന്നു അന്ന് സ്പെയിനിനെ തോൽപ്പിച്ചത്. പിന്നീട് നടന്ന 20 മത്സരങ്ങളിൽ 14 എണ്ണവും വിജയിച്ച് 6 സമനിലകളുമായി സ്പെയിൻ തോൽവി അറിയാതെ നിൽക്കുകയാണ്. സ്പെയിനിന് പിറകിൽ അപരാജിത റെക്കോർഡുമായി റഷ്യയിലേക്ക് കയറുന്നത് സ്പെയിനിന്റെ തന്നെ ഗ്രൂപ്പിലെ രാജ്യമായ മൊറോക്കോയാണ്.

18 മത്സരങ്ങളായി മൊറോക്കോ ഒരു പരാജയം രുചിച്ചിട്ട്. ആഫ്രിക്കയിൽ നിന്ന് വരുന്ന ടീമുകളിൽ മൊറോക്കോ അല്ലാത്ത ഒരു ടീം പോലും സന്നാഹ മത്സരങ്ങൾ വിജയിച്ചിട്ടില്ല എന്നതും കൂടെ കണക്കിലെടുത്താൽ മൊറോക്കോ തന്നെയാണ് ആഫ്രിക്കയിൽ നിന്ന് വരുന്നവരിൽ ഇത്തവണ കരുത്തർ എന്ന് സമ്മതിക്കേണ്ടി വരും. പോർച്ചുഗൽ സ്പെയിൻ എന്നിവരുടെ കൂടെയാണ് ഗ്രൂപ്പ് ഘട്ടം എന്നതു കൊണ്ട് മൊറോക്കോയുടെ തോൽവി അറിയാത്ത കുതിപ്പിന് വലിയ ഭീഷണി തന്നെ റഷ്യയിൽ ഉണ്ട്. പക്ഷെ ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാൻ പോന്നവരാണ് മൊറോക്കോ‌. അതുകൊണ്ട് തന്നെ പ്രവചനം സാധിക്കില്ല.

18 മത്സരങ്ങൾ തന്നെ പരാജയമറിയാത്ത ബെൽജിയം, 15 മത്സരങ്ങൾ പരാജയമറിഞ്ഞിട്ടില്ലാത്ത പെറു, ഡെന്മാർക്ക് തുടങ്ങി തോൽവി എന്തെന്ന് മറന്നു പോയവർ പലതുണ്ട് റഷ്യയിൽ. തോൽവി അറിയാതിരിക്കൽ അല്ല വിജയിക്കലാണ് ലോകകപ്പിൽ പ്രധാനം എന്നതാണ് കാര്യം. 2010 ലോകകപ്പിൽ ഒരു മത്സരം വരെ തോറ്റില്ലാ എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോയ ന്യൂസിലൻഡിന്റെ കഥ അതാണ് ഓർമ്മിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement