ആഴ്‌സണലിനെ തകർത്ത് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായുള്ള നിർണ്ണായക മത്സരത്തിൽ എതിരാളികളായ ആഴ്‌സണലിനെതിരെ ടോട്ടൻഹാമിന് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ഹാരി കെയ്‌നിന്റെ പ്രകടനമാണ് സ്വന്തം ഗ്രൗണ്ടിൽ ടോട്ടൻഹാമിന് ജയം നൽകിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആഴ്‌സണൽ താരം റോബ് ഹോൾഡിങ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായാണ് ആഴ്‌സണൽ മത്സരം പൂർത്തിയാക്കിയത്.

മത്സരത്തിന്റെ 22മത്തെ മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് ടോട്ടൻഹാം മത്സരത്തിൽ മുൻപിൽ എത്തിയത്. ടോട്ടൻഹാം താരം സോണിനെ സെഡ്രിക് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഹാരി കെയ്ൻ ടോട്ടൻഹാമിന് ലീഡ് നേടിക്കൊടുത്തത്. തുടർന്നാണ് ചെറിയ ഇടവേളകളിൽ രണ്ട് മഞ്ഞ കാർഡ് കണ്ട ഹോൾഡിങ് പുറത്തുപോയത്. അധികം താമസിയാതെ ഹാരി കെയ്‌നിന്റെ രണ്ടാമത്തെ ഗോളിലൂടെ ടോട്ടൻഹാം മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ സോൺ മൂന്നാമത്തെ ഗോളും നേടിയതോടെ ആഴ്‌സണലിന്റെ തകർച്ച പൂർത്തിയായി.

ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 66 പോയിന്റുമായി ആഴ്‌സണൽ തന്നെയാണ് നാലാം സ്ഥാനത്ത്. എന്നാൽ 65 പോയിന്റുള്ള ടോട്ടൻഹാമിന് ബാക്കിയുള്ള രണ്ട് മത്സരങ്ങൾ ആഴ്‌സണലിനേക്കാൾ എളുപ്പമുള്ളതാണ്. അടുത്ത രണ്ട് മത്സരങ്ങളിൽ ടോട്ടൻഹാമിന്റെ എതിരാളികൾ ബേൺലിയും നോർവിച്ച് സിറ്റിയുമാണ്. അതെ സമയം ആഴ്‌സണലിന്റെ എതിരാളികൾ ന്യൂ കാസിൽ യുണൈറ്റഡും എവർട്ടണുമാണ്.