ടോപ് 4 വേണം എന്നില്ല, ചരിത്രം നോക്കിയും ഇനി ചാമ്പ്യൻസ് ലീഗ് യോഗ്യത?

യൂറോപ്പിലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പല ക്ലബുകൾക്കും ആശ്വാസമാകുന്ന വാർത്തയാണ് യുവേഫയിൽ നിന്ന് വരുന്നത്. ഇനി മുതൽ ചാമ്പ്യൻസ് ലീഗിൽ ക്ലബുകളുടെ ചരിത്രം കണക്കിലെടുത്തും യോഗ്യത നൽകിയേക്കും. എല്ലാ സീസണിലും ചരിത്രം കണക്കിലെടുത്ത് രണ്ട് പ്രമുഖ ക്ലബുകൾക്ക് ചാമ്പ്യൻസ് ലീഗിന് യോഗ്യത നൽകാൻ ഉള്ള നിർദ്ദേശം യുവേഫ അംഗീകരിക്കും എന്നാണ് വാർത്തകൾ. ഇതോടെ സ്ഥിരമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുന്ന യൂറോപ്പിലെ പ്രതാപം പറയുന്ന ക്ലബുകൾക്ക് തുണയാകും.

സൂപ്പർ ലീഗ് എന്ന ആശയത്തെ പ്രതിരോധിക്കാൻ കൂടിയാണ് യുവേഫ ഇങ്ങനെ രണ്ട് ക്ലബുകളെ യു സി എല്ലിലേക്ക് അനുവദിക്കാൻ ശ്രമിക്കുന്നത്. പ്രാദേശിക ലീഗ് സിസ്റ്റത്തിന്റെ ആവേശം തന്നെ ഇത് നഷ്ടമാക്കിയേക്കും. എന്നാലും യുവേഫ ഈ മാറ്റം കൊണ്ടു വരാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ സീസണിൽ യൂറോപ്പിലെ വലിയ ക്ലബുകൾ ഒക്കെ ചേർന്ന് സൂപ്പർ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. സൂപ്പർ ലീഗ് ആശയത്തെ പൂർണ്ണമായും ഇല്ലാതാക്കുക ആണ് യുവേഫയുടെ ലക്ഷ്യം. 2024 മുതൽ ആകും ഈ രണ്ട് ക്ലബ് യോഗ്യത നടപ്പിലാക്കുക.