ഇറാന്റെ ഹൃദയം തകർത്ത ‘വാർ’

- Advertisement -

ഇന്ന് സ്പെയിനെ തടയുക എന്നൊരൊറ്റ ലക്ഷ്യത്തോടെ ആയിരുന്നു കാർലോസ് കുയിരോസിന്റെ ഇറാൻ ഇറങ്ങിയത്. ഒരു വിധത്തിൽ ആ‌ കാര്യത്തിൽ ഇറാൻ ജയിച്ചു വരികയുമായിരുന്നു. ആദ്യ പകുതിയിൽ 85 ശതമാനത്തോളം പൊസഷൻ സ്പെയിനിന് ഉണ്ടായിട്ടും വലകുലുക്കാൻ സ്പെയിനിന് ആയിരുന്നില്ല. എന്തിന് ഒരു ഷോട്ടെ ടാർഗറ്റിൽ എത്തിക്കാൻ വരെ സ്പെയിനിന് ആയിരുന്നുള്ളൂ. ഇറാന്റെ വിജയമായിരുന്നു അത്.

പക്ഷെ ഡിയോഗോ കോസ്റ്റയ്ക്ക് ‘എങ്ങനെയോ’ കിട്ടിയ ഗോൾ ഇറാനെ ക്ഷീണത്തിലാക്കി. ഡിയോഗോ കോസ്റ്റയുടെ ഷോട്ട് ഇറാൻ പ്രതിരോധം ബ്ലോക്ക് ചെയ്തിരുന്നു എങ്കിലും പന്ത് വീണ്ടു കോസ്റ്റയുടെ കാലിൽ തട്ടി വലയിലേക്ക് പോവുകയായിരുന്നു. കോസ്റ്റയുടെ ഗോളിൽ തന്നെ തകർന്ന ഇറാന് അതിലും വലിയൊരു ഷോക്കാണ് 63ആം മിനുട്ടിൽ വന്നത്. ശക്തമായി കളിയിലേക്ക് തിരിച്ചുവരികയായിരുന്ന ഇറാന് ലഭിച്ച ഫ്രീകിക്കാണ് തുടക്കം.

ആ ഫ്രീകിക്കിൽ നിന്ന് ഇസതൊലാഹി സ്പാനിഷ് വലകുലുക്കി. ബോക്സിൽ സ്പാനിഷ് താരങ്ങൾക്ക് ഇടയിൽ നിന്ന് ലഭിച്ച പന്ത് ഡി ഹിയയെയും മറികടന്ന് വലയിൽ എത്തിക്കാൻ ഇസതൊലാഹിക്കായി. ഇറാൻ ആഹ്ലാദം തുടങ്ങി. ഇറാന്റെ ബെഞ്ചടക്കവും ഗ്യാലറിയും ആഹ്ലാദത്തിന്റെ അങ്ങേയറ്റത്ത് ആയിരുന്നു. അപ്പോഴേക്കും റഫറി കൈ മുകളിലേക്ക് ഉയർത്തി VARനെ സമീപിച്ചിരുന്നു.

ടൈറ്റ് ഓഫ് സൈഡുകളിൽ ഓഫ് സൈഡ് ഫ്ലാഗ് പൊക്കേണ്ടതില്ല, പകരം ഗോൾ വീണാൽ വീഡിയോ അസിസ്റ്റന്റിനെ സമീപിക്കാം എന്ന പുതിയ രീതിയാണ് ഇറാന്റെ ആഹ്ലാദങ്ങൾ അവസാനിപ്പിച്ചത്. വാർ പരിശോധനയിൽ ഗോൾ ഓഫ്സൈഡാണെന്ന് തെളിഞ്ഞു. ഇറാന്റെ അതുവരെ ഉണ്ടായിരുന്ന ഊർജ്ജമൊക്കെ ആ ഒരൊറ്റ നിരാശയിൽ ഇല്ലാതായെന്നും പറയാം. പിന്നെയും ഇറാൻ തൊണ്ണൂറാം മിനുട്ട് വരെ പൊരുതി എങ്കിലും ആ വാർ തീരുമാനത്തിന്റെ ഓർമ്മയെ മറികടക്കാൻ ഇറാനായില്ല.

ഓസ്ട്രേലിയ ഫ്രാൻസ് മത്സരത്തിൽ വാർ ഇടപെട്ട് വിവാദ പെനാൾട്ടി അനുവദിച്ച അതേ ഗ്രൗണ്ടിലായിരുന്നു ഇന്നത്തെ മത്സരവും. വിധി അനുകൂലമാണെങ്കിലും ഭാഗ്യത്തിനും നിർഭാഗ്യത്തിനും ഫുട്ബോളിൽ ഉണ്ടായിരുന്ന സ്ഥാനം മെല്ലെ വാർ എടുക്കുകയാണെന്ന് വേണം ഈ തീരുമാനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement