പ്രതീക്ഷകൾ കാക്കുമോ ഫ്രഞ്ച് പട?

- Advertisement -

ടീം നോക്കിയാൽ ലോകചാമ്പ്യന്മാരായ ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾക്കൊപ്പമോ അതിന് മുകളിലോ ശക്തമാണ് ലെ ബ്ലൂസ്. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും ഒക്കെ ഒന്നിനൊന്ന് മികച്ച താരങ്ങൾ ഉൾപ്പെട്ട സംഘം. എന്നാൽ ഈ താരനിര പക്ഷെ പലപ്പോയും പ്രതീക്ഷിക്കുന്ന നിലവാരം കാത്ത് സൂക്ഷിക്കുന്നില്ല എന്നതാണ് ഫ്രാൻസ് നേരിടുന്ന വലിയ വെല്ലുവിളി. സാക്ഷാൽ ഫ്രാൻസ് ബെക്കൻ ബോവറിന് ശേഷം നായകനാകും പരിശീലകനായും ലോകകപ്പുയർത്തുന്ന ആദ്യ വ്യക്തിയാവുക എന്നതാണ് ദിദിയർ ദെഷമ്പ്സിന്റെ ലക്ഷ്യം. എന്നാൽ ചരിത്രം പോലെ തന്നെ ഒട്ടും പ്രവചിക്കാനാവാത്ത സ്വഭാവം ഫ്രാൻസിന് ഇന്ന് കൈമുതലായുണ്ട്. ലോകകപ്പിലെ എന്നത്തേയും ശക്തമായ സാന്നിധ്യമാണ് ഫ്രാൻസ്. 1998 ൽ സ്വന്തം മണ്ണിൽ ബ്രസീലിനെ മറികടന്ന് ലോക കിരീടമുയർത്തിയ, 2006 ൽ രണ്ടാമതായ ടീം. എന്നാൽ ഇതേ ഫ്രാൻസ് തന്നെയാണ് 2002 ലും 2010 ലും ലോകകപ്പിലെ ആദ്യ റൗണ്ടുകളിൽ പുറത്തായത്. ഏതാണ്ട് ഈ സ്വഭാവം തന്നെയാണ് ഫ്രാൻസ് യോഗ്യത മത്സരങ്ങളിൽ തുടർന്നതും.

യൂറോപ്പിൽ ഗ്രൂപ്പ് എയിൽ ശക്തരായ സ്വീഡൻ, നെതർലെന്റ്സ് എന്നിവരെ മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതായാണ് ഫ്രാൻസ് റഷ്യയിലേക്ക് ടിക്കറ്റെടുക്കുന്നത്. എന്നാൽ സ്വീഡനോട് തോറ്റ ഫ്രാൻസ്, ദുർബലരായ ബെലാറസ്, ലെക്സബർഗ് ടീമുകളോട് സമനിലയും വഴങ്ങി. നെതർലെന്റ്സിനെ 4-0 ത്തിന് തകർത്ത അതേ ഫ്രാൻസാണ് 3 ദിവസങ്ങൾക്ക് ശേഷം ഗോൾ രഹിത സമനില വഴങ്ങുന്നത്. ഇങ്ങനെയുള്ള സ്ഥിരതയില്ലായ്മയാണ് ഫ്രാൻസിന് ലോകകപ്പ് സാധ്യത നൽകുന്നതിൽ നിന്ന് പലരേയും വിലക്കുന്നത്. 2012 നു ശേഷം സ്ഥാനമേറ്റ 1998 ലെ ലോകകപ്പ് ജേതാക്കളുടെ നായകനായ ദെഷമ്പ്സിന് കീഴിൽ 2014 ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ അന്ന് ലോകകപ്പ് ജേതാക്കളായ ജർമ്മനിയോട് തോറ്റാണ് ഫ്രാൻസ് പുറത്താകുന്നത്. സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിൽ വലിയ പ്രതീക്ഷകളുമായിറങ്ങിയ ഫ്രാൻസ് തങ്ങളേക്കാൾ ദുർബലരായ പോർച്ചുഗലിനോട് ഫൈനലിൽ തോറ്റു. ആ തോൽവിക്കുള്ള മറുപടിയാവും ഫ്രാൻസിന് ഈ ലോകകപ്പ്. അതിനാൽ പരിശീലകൻ എന്ന നിലയിൽ ദെഷമ്പ്സിന്റെ കഴിവിന്റെ വലിയ പരീക്ഷണമാവും റഷ്യയിൽ നടക്കുക. അക്രമണമാണ് ഫ്രാൻസിന്റെ ശൈലി, അതിനാൽ തന്നെ അക്രമണത്തിലൂന്നിയുള്ള 4-3-3, 4-4-2 എന്നീ ശൈലികളിലൊന്നാവും ഫ്രാൻസ് റഷ്യയിൽ പന്ത് തട്ടുക.

എന്നും പ്രതിഭകളുടെ ധാരാളിത്തമാണ് ഫ്രാൻസിന്റെ വലിയ അനുഗ്രഹം മറ്റൊരു തരത്തിൽ ഇത് തന്നെയാണ് ഫ്രാൻസ് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നും. മിഷേൽ പ്ലാറ്റിനി, സിനദിൻ സിദാൻ, തിയറി ഹെൻറി, തുറാൻ, പാട്രിക് വിയേര, ക്ലൗഡിയോ മക്കകേല, ബാർത്തേസ്, റോബർട്ട് പിറസ്, എറിക് ആബിദാൽ, ഇമ്മാനുവൽ പെറ്റിറ്റ്, നിക്കോളാസ് അനൽക്ക തുടങ്ങി കരിം ബെൻസേമ, ഫ്രാങ്ക് റിബേറി തുടങ്ങിയ സമകാലികരിലൂടെ തുടരുന്ന പ്രതിഭകളുടെ നീണ്ടനിര. പലപ്പോയും പല പൈതൃകങ്ങൾ പേറുന്ന ഇവർ തമ്മിലുള്ള കലഹങ്ങളും പ്രശ്നങ്ങളും ഫ്രാൻസ് നേരിടുന്ന വലിയ പ്രശ്നമാണ്. 2002, 2010 ലോകകപ്പിൽ താരങ്ങൾ അച്ചടക്കമില്ലാതെ കലഹിച്ചത് വലിയ വാർത്തയായപ്പോൾ ഈ അടുത്ത് ഫ്രാൻസിന് ഒന്നാകെ നാണക്കേടുണ്ടാക്കിയ ബെൻസേമ, വാലുബേവ സംഭവവും ഇതിനുദാഹരണമാണ്. എങ്കിലും എല്ലാവരേയും ഉൾക്കൊണ്ട് പൈതൃക, തൊലി നിറം മറന്ന് ഫ്രാൻസ് മഴവിൽ കൂട്ടമായി കളിച്ച് തുടങ്ങിയാൽ അവരെ തടയുക എന്നത് ഒട്ടും എളുപ്പമുള്ള ഒന്നല്ല എന്നതാണ് വാസ്തവം.

എന്നത്തേയും പോലെ സ്വപ്നസംഘമാണ് ഫ്രാൻസ്. പരിക്ക് മൂലം പരിചയസമ്പന്നനായ ആർസനൽ പ്രതിരോധ താരം ലോറന്റ് കൊഷേൽനി പകരക്കാരനില്ലാത്ത മധ്യനിര താരം ദിമിത്രി പയറ്റ് എന്നിവരെ നഷ്ടമായിട്ടും സൂപ്പർ താരങ്ങളായ ആർസനൽ താരം അലക്സാണ്ടർ ലാകസെറ്റ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണി മാർഷൽ, ബയേണിന്റെ കിങ്സിലി കോമൻ, 2016 യൂറോ കപ്പിലെ താരം ടോട്ടനത്തിന്റെ മൂസ്സ സിസോക്ക, മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിര താരം അലക്സാണ്ടർ ലപ്പോർട്ട എന്നിവർക്ക് പോലും ഇടം കിട്ടാത്ത ശക്തരുടെ പട തന്നെയാണ് ഫ്രഞ്ച് നിര. ഇവർക്ക്‌ പുറമെയാണ് ടീമിൽ കരിം ബെൻസേമയുടെ അഭാവം. ഗ്രൂപ്പ് സിയിൽ യൂറോപ്പിൽ നിന്ന് ഡെൻമാർക്ക്, ലാറ്റിനമേരിക്കയിൽ നിന്ന് പെറു, ഏഷ്യയിൽ നിന്ന് ആസ്ട്രേലിയ എന്നിവരാണ് ഫ്രാൻസിനൊപ്പമുള്ളത്. അതിനാൽ തന്നെ രണ്ടാം സ്ഥാനക്കാർക്കായാവും മറ്റുള്ളവരുടെ പോരാട്ടം. ടോട്ടനം നായകനും ലോകത്തിൽ നിലവിലെ മികച്ച ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസാണ് ഫ്രഞ്ച് വല കാക്കുക. ഫ്രഞ്ച് നായകൻ കൂടിയായ ലോറിസിന് കൂട്ടായി ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി യുവ കീപ്പർ അൽഫോൺസ് അരിയോള, മാഴ്സയുടെ സ്റ്റീവ് മണ്ടാണ്ട എന്നിവരുമുണ്ട്.

അതിശക്തമായ ഫ്രാൻസ് പ്രതിരോധത്തിൽ റയൽ, ബാഴ്സ സഖ്യമാവും ഫ്രാൻസിനായി കോട്ട കെട്ടുക, റയൽ മാഡ്രിഡിന്റെ റാഫേൽ വരാനയും ബാഴ്സലോണയുടെ സാമുവൽ ഉമിറ്റിറ്റിയും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിലൊരാളായ വരാനെയുടെ സെറ്റ് പീസുകളിലേയും വായുവിലേയും മികവ് ഫ്രാൻസിന് മുന്നേറ്റത്തിലും സഹായകമാണ്. ആരെയും കൂസാതെ, ഭയമേതുമില്ലാതെ കളിക്കും എന്നതാണ് ഉമിറ്റിറ്റിയുടെ പ്രത്യേകത. ഇവർക്ക് കൂട്ടായി പ്രതിഭകളുടെ ഒരു പട തന്നെ ഫ്രാൻസ് ടീമിലുണ്ട്. യൂറോകപ്പിൽ തിളങ്ങിയ മാഴ്സയുടെ ആദിൽ റമി, അത്ലെറ്റിക്കോ മാഡ്രിഡിന്റെ ലൂകാസ് ഹെർണാണ്ടസ്, പി.എസ്.ജിയുടെ പ്രസ്‌നൽ കിമ്പെമ്പെ, സ്റ്റുഗാർഡിന്റെ ബെഞ്ചമിൻ പവാർഡ്‌ എന്നിവരാണവർ. എന്നാൽ താരതമ്യേന ചെറുപ്പമായ ഈ പ്രതിരോധത്തിൽ പരിചയസമ്പന്നനായ കൊഷേൽനിയുടെ മികവ് വലുതാണ്. വിങ് ബാക്കുകളായി വേഗത്തിന്റെ കൂട്ടുകാരായ മൊണോക്കോ താരം ദിബ്രിൽ സിദ്ബെ, മാഞ്ചസ്റ്റർ സിറ്റിയുടെ ബെഞ്ചമിൻ മെൻഡി എന്നിവരാണ് ഇറങ്ങുക. ഇവരുടെ വേഗവും ക്രോസുകളിലെ മികവും ഫ്രാൻസ് മുന്നേറ്റത്തിൽ നിർണ്ണായകമാണ്. കഴിഞ്ഞ 2 സീസണുകളായി മൊണോക്കക്കായി മിന്നും പ്രകടനമാണ് സിദ്ബെ നടത്തിയത്. എന്നാൽ ഈ സീസണിൽ ഏറെയും പരിക്ക് മൂലം പുറത്തായിരുന്ന മെന്റി ലോകകപ്പിന് തൊട്ട് മുമ്പാണ് പരിക്കിൽ നിന്ന് മുക്തനായത്.

ഏതൊരു ടീമിന്റേയും സ്വപ്നമാവും ഫ്രാൻസ് മധ്യനിര അതും ദിമിത്രി പയറ്റിന്റെ അഭാവത്തിലും. സീസണിൽ ചെൽസിയുടെ ഏറ്റവും മികച്ച താരമായി മാറിയ എൻഗോള കാന്റ എന്നും സ്ഥിരതയുടെ പ്രതീകമാണ്. മക്കലേലയുടെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന കാന്റക്ക് മധ്യനിരയിലെ തുടക്കത്തിന് സീസണിൽ മിന്നും പ്രകടനം പുറത്തെടുത്ത സ്റ്റീവൻ എൻസോസി കടുത്ത വെല്ലുവിളിയാവും എടുക്കുക. പരിചയസമ്പന്നനായ ഈ സെവിയ്യതാരത്തിനായി പല യൂറോപ്യൻ വമ്പന്മാരും പുറകെയുണ്ടെന്നാണ് സൂചന. യുവത്വവും പരിചയസമ്പത്തും സമാസമമാണ് ഫ്രാൻസ് മധ്യനിരയിൽ. മധ്യനിരയിലും മുന്നേറ്റത്തിലും തിളങ്ങാൻ പറ്റുന്നവരാണ് യുവതാരങ്ങളും വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളികളുമായ മൊണോമയുടെ തോമസ് ലെമാർ, ലിയോണിന്റെ നബിൽ ഫെക്കിർ, മാഴ്സയുടെ ഫ്ലോറിൻ തൗവിൻ എന്നിവർ. ഇവരുടെ മികവ് ഫ്രാൻസിന് വലിയ മുതൽകൂട്ടാവും. കളി ശൈലി വ്യത്യസ്ഥമാണെങ്കിലും സിദാന്റെ പിൻഗാമി എന്നാണ് പലരും നബിൽ ഫെക്കിറിനെ വാഴ്ത്തുന്നത്. സീസണിൽ ലിയോണായി മിന്നും കളി പുറത്തെടുത്ത ഫെക്കിർ അവസരം ലഭിച്ചാൽ ലോകകപ്പിന്റെ താരമായി മാറിയാലും അതിശയിക്കേണ്ടതില്ല. അതേ പോലെ വേഗം കൊണ്ട് എതിരാളിയുടെ പേടി സ്വപ്നമാകുന്ന തോമസ് ലെമാറും സീസണിൽ മാഴ്സയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ച തൗവിനും ശ്രദ്ധിക്കേണ്ട താരങ്ങളാണ്. ഇവർക്ക് പുറമെയാണ് ബയേണിന്റെ ഏറ്റവും വില കൂടിയ താരമായ കോരന്റിൻ ടോളിസോ, പരിചയസമ്പന്നനായ യുവന്റെസിന്റെ ബ്ലാസി മറ്റുഡി എന്നിവർ. എന്നാൽ ഫ്രാൻസ് മധ്യനിരയിലെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബ തന്നെയാണ്. 2014 ലോകകപ്പിലെ മികച്ച യുവതാരമായ പോഗ്ബ സീസണിൽ യുണൈറ്റഡിൽ സ്ഥിരത പുലർത്തുന്നില്ല എന്ന വിമർശനം കേൾക്കുന്നുണ്ട്. അതിനാൽ തന്നെ ആ വിമർശകരുടെ വായ അടപ്പിക്കാനുള്ള വലിയ അവസരമാണ് ഈ ലോകകപ്പ്. റഷ്യൻ ലോകകപ്പ് ഫ്രാൻസിലെത്താൻ പോൾ പോഗ്ബ തിളങ്ങണം എന്ന് മറ്റാരേക്കാളും നന്നായി പോഗ്ബക്കറിയാം. ഇത്ര ശക്തമായതിനാൽ തന്നെ പയറ്റിനെ അഭാവം മധ്യനിരയിലൊരു വിടവാകില്ലെന്നാണ് ഫ്രഞ്ച് ആരാധകപ്രതീക്ഷ.

ഒരർത്ഥത്തിൽ ഈ മധ്യനിരയെ വെല്ലുന്ന മുന്നേറ്റ നിരയാണ് ഫ്രാൻസിന്റേത്. ലകസെറ്റക്കും, മാർഷലിനും ഇടം കിട്ടാത്ത വിധം അതിശക്തം. മുന്നേറ്റത്തിന്റെ കുന്തമുന അന്റോണിയോ ഗ്രീസ്മാൻ തന്നെയാണ്. സീസണിൽ അത്ലെറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിച്ച ഗ്രീസ്മാൻ അവരെ ലാ ലീഗയിൽ രണ്ടാമതുമെത്തിച്ചു. സീസണിൽ ഇങ്ങനെ മികച്ച ഫോമിലുള്ള ഗ്രീസ്മാനു കൂട്ടായി ലോകത്തിലെ ഏറ്റവും മികച്ച രണ്ട് യുവതാരങ്ങളാണ് ഫ്രാൻസിനുള്ളത്. പി.എസ്.ജിയുടെ കെയ്ലൻ എമ്പെപ്പയും ബാഴ്സലോണയുടെ ഒസ്മൻ ഡെമ്പേലയും. സീസണിൽ പ്രതിഭക്കൊത്ത പ്രകടനം പരിക്കടക്കം പല കാരണങ്ങളാൽ പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇവർ രണ്ട് പേർക്കും തങ്ങളുടെ കഴിവിനടിവരയിടാനുള്ള വലിയ അവസരമാണ് ലോകകപ്പ്. ഇവർക്കൊപ്പം പരിചയസമ്പന്നനും ദെഷമ്പ്സിന്റേതും ഫ്രാൻസിന്റേതും വലിയ വിശ്വസ്ഥനുമായ ചെൽസി താരം ഒളിവർ ജിറോഡുമുണ്ട്. പകരക്കാരനായിറങ്ങി ഗോളടിക്കുന്നതിൽ മിടുക്കനായ ജിറോഡ് ടീമിന് വലിയ മുതൽ കൂട്ടാണ്. മുമ്പ് പലപ്പോഴും വിജയിച്ച ഗ്രീസ്‌മാൻ, ജിറോഡ് സഖ്യത്തിന് ദെഷമ്പ്സ് റഷ്യയിൽ വീണ്ടും അവസരം നൽകിയാലും അതിശയമാവില്ല.

ഇങ്ങനെ ഓരോ പൊസിഷനിലും ആരെ ഇറക്കും എന്ന് പരിശീലകനെ പോലും കുഴക്കുന്ന വിധം അതിശക്തമാണ് ഫ്രാൻസ്. ഒരർത്ഥത്തിൽ ആദ്യ പതിനൊന്നിനെ കണ്ടെത്തുക എന്നത് ദെഷമ്പ്സിന് വലിയ തലവേദനയാകും. എങ്കിലും ഇത്രയും അനുഗ്രഹീതമായ ഒരു നിര ഏതൊരു പരിശീലകന്റേതും സ്വപ്നമാണ്. മുമ്പൊരു സുവർണ്ണ തലമുറ 1998 ൽ ഫ്രാൻസിൽ ചെയ്തത് 2018 ൽ 20 വർഷങ്ങൾക്കിപ്പുറം റഷ്യയിൽ മറ്റൊരു സുവർണ്ണ തലമുറ ആവർത്തിക്കുമോ എന് നമുക്ക് കാത്തിരുന്ന് കാണാം. എന്നാൽ പലപ്പോയും പ്രതീക്ഷകളെ അസ്ഥാനത്താക്കാറുള്ള ഫ്രാൻസിനെ പറ്റി ഉറപ്പു പറയാൻ ഒരാൾക്കുമാവില്ല എന്നതാണ് വാസ്തവം. എങ്കിലും ഒന്നുറപ്പാണ് ലോകകപ്പ് നേടുന്ന ഫ്രാൻസ് ടീമിനേക്കാൾ കൂടുതൽ ആളുകളെ ഞെട്ടിക്കുക ലോകകപ്പ് നേടാത്ത ഫ്രാൻസ് ടീം ആവും. കാരണം അത്ര ശക്തമാണ് ഫ്രാൻസ്, അതെ ലോകകപ്പ് ഉയർത്താൻ അർഹതയുള്ളത്രയും ശക്തം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement