ആറു ചുവപ്പു കാർഡും സംഘട്ടനവും മറികടന്ന് വൻ ജയത്തോടെ എഫ് സി ഗോവ സെമിയിൽ

സൂപ്പർ കപ്പ് 8s ഫുട്ബോളിൽ എഫ് സി ഗോവയ്ക്ക് വിജയം എന്നു പറയേണ്ടി വരും. ഒന്ന് കലിംഗയിൽ നടന്നത് അക്ഷരാർത്ഥത്തിൽ 8s ഫുട്ബോൾ ആയിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ആറു റെഡ് കാർഡുകൾ പിറന്നപ്പോൾ ഇരു ടീമുകളും 8പേരായി ചുരുങ്ങിയിരുന്നു. ജംഷദ്പൂരിനെ നേരിട്ട എഫ് സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ഇന്ന് വിജയം ആഘോഷിച്ചത്.

കളിയിൽ തുടക്കം മുതൽ എഫ് സി ഗോവയ്ക്ക് തന്നെ ആയിരുന്നു ആധിപത്യം. അത് സ്കോർബോർഡിൽ ബ്രണ്ടൻ നേടിയ സുന്ദരൻ ഗോളിലൂടെ എഫ് സി ഗോവ തെളിയിക്കുകയും ചെയ്തു. 20 പാസുകൾക്ക് ശേഷമായിരുന്നു എഫ് സി ഗോവയുടെ ആ ആദ്യ ഗോൾ പിറന്നത്. പക്ഷെ ആ സുന്ദര ഫുട്ബോൾ ഒക്കെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന വിവാദ തീരുമാനങ്ങളിലും സംഘട്ടനത്തൊലും ഇല്ലാതായി.

45ആം മിനുട്ടിൽ ബ്രാൻഡൻ രണ്ടാമതും ജംഷദ്പൂർ വല കുലുക്കിയപ്പോൾ ആദ്യം റഫറി ഗോൾ അനുവദിക്കുകയും എന്നാൽ പന്ത് ഗ്രൗണ്ടിൽ നിന്ന് കോർണർ ലൈനും കഴിഞ്ഞ് പുറത്തു പോയതിനു ശേഷമാണ് ബ്രാൻഡന്റെ ഗോൾ പിറന്നത് എന്ന കാരണം കൊണ്ട് ഗോൾ നിഷേധിക്കുകയുൻ ചെയ്തു. ഇത് ഗ്രൗണ്ടിൽ സംഘട്ടനം ഉണ്ടാക്കുകയും 6 ചുവപ്പു കാർഡുകളിൽ എത്തുകയുമായിരുന്നു.

രണ്ടാം പകുതിയിൽ ആദ്യ കളിക്കില്ല എന്ന് എഫ് സി ഗോവ തീരുമാനിച്ചെങ്കിലും പിന്നീട് ഗോവ ഗ്രൗണ്ടിലേക്ക് വരികയായിരുന്നു. എട്ടുപേരുമായി കളിച്ചപ്പോഴും മികവ് ഗോവയ്ക്കായിരുന്നു. 4 ഗോളുകൾ കൂടെ ജംഷദ്പൂർ വലയിൽ എത്തിച്ചാണ് ഗോവ സെമിയിലേക്ക് മുന്നേറിയത്. കോറോയും, മന്വീർ സിംഗും, ഹ്യൂഗോ ബോമസുമാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്. ബോമസ് രണ്ടുതവണയാണ് വലകുലുക്കിയത്.

അഷിം ബിശ്വാസാണ് ജംഷദ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിനെയാണ് ഗോവ സെമി ഫൈനലിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോക റാങ്കിങ്ങിൽ ഇറ്റലി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പൊസിഷനിൽ
Next articleവനിത ഹോക്കി, ആതിഥേയരോട് ഇന്ത്യയ്ക്ക് പരാജയം