ആധികാരിക ജയം നേടി ശ്രീലങ്ക, അയര്‍ലണ്ടിനെ തകര്‍ത്തത് 70 റൺസിന്

ടി20 ലോകകപ്പിന്റെ ക്വാളിഫയിംഗ് ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി ശ്രീലങ്ക. ഇന്ന് അയര്‍ലണ്ടിനെതിരെ 70 റൺസിന്റെ വിജയം ആണ് ശ്രീലങ്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയപ്പോള്‍ അയര്‍ലണ്ട് 101 റൺസിന് പുറത്താകുകയായിരുന്നു. 18.3 ഓവറിലാണ് അയര്‍ലണ്ട് ഓള്‍ഔട്ട് ആയത്.

പതും നിസ്സങ്ക(47 പന്തിൽ 61), വനിന്‍ഡു ഹസരംഗ(47 പന്തിൽ 71) എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ദസുന്‍ ഷനക 11 പന്തിൽ 21 റൺസ് നേടിയാണ് 171 റൺസിലേക്ക് ശ്രീലങ്കയെ എത്തിച്ചത്. അയര്‍ലണ്ടിന് വേണ്ടി ജോഷ്വ ലിറ്റിൽ 4 വിക്കറ്റും മാര്‍ക്ക് അഡൈര്‍ 2 വിക്കറ്റും നേടി.

അയര്‍ലണ്ട് ചേസിംഗിന്റെ ഒരു ഘട്ടത്തിലും ടീമിന് സാധ്യതയുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 41 റൺസ് നേടിയത് ഒഴിച്ച് ആരും തന്നെ ബാറ്റിംഗിൽ മികവ് പുലര്‍ത്തിയില്ല. കര്‍ട്ടിസ് കാംഫര്‍ 24 റൺസ് നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ മൂന്നും ചമിക കരുണാരത്നേ, ലഹിരു കുമര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version