നാഗിന്‍ ഡാന്‍സ് ഇല്ല!!! ത്രില്ലറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ 4ലേക്ക്

Sports Correspondent

Kusalmendis

ഏഷ്യ കപ്പിന്റെ സൂപ്പര്‍ കപ്പിൽ ഇടം നേടുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക. ഇന്ന് ബംഗ്ലാദേശിനെതിരെ അവസാന ഓവറിൽ 2 വിക്കറ്റ് വിജയം നേടുമ്പോള്‍ ശ്രീലങ്ക ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ 4ലേക്ക് കടന്നു.

19.2 ഓവറിൽ ആണ് ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്. ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിൽ മൂന്ന് വിക്കറ്റ് നേടിയത് ബംഗ്ലാദേശിനായി ടി20 അരങ്ങേറ്റം കുറിച്ച എബോദത്ത് ഹൊസൈന്‍ ആയിരുന്നു. എന്നാൽ താരം എറിഞ്ഞ 19ാം ഓവറിൽ പിറന്ന 17 റൺസാണ് മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

പത്തോവര്‍ പിന്നിട്ടപ്പോള്‍ ശ്രീലങ്ക 80/4 എന്ന നിലയിലായിരുന്നു. 77/4 എന്ന നിലയിൽ നിന്ന് കുശൽ മെന്‍ഡിസ് – ദസുന്‍ ഷനക കൂട്ടുകെട്ട് ശ്രീലങ്കയെ 54 റൺസ് കൂട്ടുകെട്ടുമായി വിജയത്തിനടുത്തേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കുശൽ മെന്‍ഡിസിനെ പുറത്താക്കി മുസ്തഫിസുര്‍ ബംഗ്ലാദേ് ക്യാമ്പിൽ പ്രതീക്ഷയുണര്‍ത്തി.

37 പന്തിൽ 60 റൺസായിരുന്നു കുശൽ മെന്‍ഡിസിന്റെ സംഭാവന. തൊട്ടടുത്ത ഓവറിൽ വനിന്‍ഡു ഹസരംഗയെ ടാസ്കിന്‍ അഹമ്മദ് പുറത്താക്കിയതോടെ ശ്രീലങ്കയുടെ പ്രതീക്ഷ മുഴുവന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയിൽ ആയി.

അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 43 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. 18ാം ഓവറിന്റെ അഞ്ചാം പന്തിൽ ശ്രീലങ്കന്‍ നായകന്റെ വിക്കറ്റ് നഷ്ടമായതോടെ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതൽ പ്രയാസമായി. 33 പന്തിൽ 45 റൺസായിരുന്നു ദസുന്‍ ഷനക നേടിയത്.

അവസാന 12 പന്തിൽ 25 റൺസ് നേടേണ്ടിയിരുന്ന ശ്രീലങ്കയുടെ പക്കൽ 3 വിക്കറ്റ് മാത്രമാണുണ്ടായിരുന്നത്. തുടക്ക ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച എബോദത്ത് ഹൊസൈന് എന്നാൽ 19ാം ഓവറിൽ വീഴ്ച പറ്റുന്നതാണ് കാണാനായത്. ഓവറിൽ നിന്ന് 17 റൺസ് പിറന്നുവെങ്കിലും 16 റൺസ് നേടിയ ചാമിക കരുണാരത്നേ റണ്ണൗട്ടായത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.

എബോദത്ത് ഓവറിലെ അവസാന പന്തിൽ ബൗണ്ടറി കൂടി വഴങ്ങിയതോടെ ശ്രീലങ്കയ്ക്ക് 6 പന്തിൽ 8 റൺസ് വിജയത്തിനായി നേടേണ്ട സ്ഥിതി വന്നു. അസിത ഫെര്‍ണാണ്ടോ മൂന്ന് പന്തിൽ 10 റൺസ് നേടി പുറത്താകാതെ നിന്ന് നിര്‍ണ്ണായക പ്രഹരങ്ങളാണ് അവസാന ഓവറുകളിൽ നടത്തിയത്.