Site icon Fanport

‘വാർ’ രക്ഷകനായി, ആദ്യ പാദത്തിൽ ചെൽസിയെ തോൽപ്പിച്ച് ടോട്ടൻഹാം

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ടോട്ടൻഹാമിന്റെ രക്ഷക്കെത്തിയപ്പോൾ കാരബാവോ കപ്പിന്റെ ആദ്യ സെമി ഫൈനലിൽ ടോട്ടൻഹാമിന്‌ ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടോട്ടൻഹാമിന്റെ വിജയം. രണ്ടു പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലിൽ ടോട്ടൻഹാമിന്‌ ഇതോടെ നേരിയ മുൻ‌തൂക്കം ലഭിച്ചു.

ആദ്യ പകുതിയുടെ 26 മിനുട്ടിലാണ് മത്സരത്തിലെ നിർണായക ഗോൾ പിറന്നത്. പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ആണ് ടോട്ടൻഹാമിന്റെ ഗോൾ നേടിയത്. ചെൽസി ഗോൾ കീപ്പർ കെപ അരിസബാലഗ ഹാരി കെയ്‌നിനെ ഫൗൾ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഹാരി കെയ്ൻ ടോട്ടൻഹാമിന്‌ ലീഡ് നേടി കൊടുത്തത്.

ഫൗൾ ചെയ്യുന്നതിന് തൊട്ട് മുൻപ് കെയ്‌നിന്റെ മുന്നേറ്റം റഫറി ഓഫ്‌സൈഡ് വിളിച്ചിരുന്നു. എന്നാൽ ഓഫ് സൈഡ് തീരുമാനത്തിൽ വാറിന്റെ സഹായം തേടിയ റഫറി അത് ഓഫ് സൈഡ് അല്ല എന്ന് വിധിക്കുകയും തുടർന്ന് നടന്ന ഫൗളിന് പെനാൽറ്റി അനുവദിക്കുകയുമായിരുന്നു.

ഗോൾ വഴങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ചെൽസി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഗോളിന് അടുത്ത് എത്തിയെങ്കിലും കാന്റെയുടെയും ഹഡ്സൺ ഒഡോയിയുടെയും ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചത് ചെൽസിക്ക് വിനയായി. രണ്ടാം പകുതിയിലും ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത് എങ്കിലും സമനില നേടാനുള്ള ഗോൾ നേടാൻ ചെൽസിക്കായില്ല.

കാരബാവോ കപ്പിന്റെ രണ്ടാം പാദ മത്സരം ജനുവരി 24ന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ വെച്ച് നടക്കും.

Exit mobile version