നിസ്സാരം!!! SKY യുടെ മികവിൽ ഇന്ത്യന്‍ വിജയം

Suryakumaryadav

വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിലൂടെ മൂന്നാം ടി20 സ്വന്തമാക്കി ഇന്ത്യ. 6 പന്ത് അവശേഷിക്കെയാണ് ഇന്ത്യയുടെ 7 വിക്കറ്റ് വിജയം. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം ഋഷഭ് പന്തും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. വിജയത്തോടെ ഇന്ത്യ 2-1ന് പരമ്പരയിൽ മുന്നിലെത്തി.

165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടിയായിരുന്നു ഫലം. 11 റൺസെടുത്ത രോഹിത് ശര്‍മ്മ ഒരു ഫോറും ഒരു സിക്സും നേടി മികച്ച ഫോമിൽ കളിക്കുമ്പോളാണ് താരത്തിനെ പുറം വേദന അലട്ടുവാന്‍ തുടങ്ങിയത്. തുടര്‍ന്ന് താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു.

എന്നാൽ സൂര്യകുമാര്‍ യാദവ് തന്റെ മിന്നും ഫോം പുറത്തെടുത്തപ്പോള്‍ മത്സരത്തിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. താരം അതിവേഗം തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഇന്ത്യ പത്തോവര്‍ പിന്നിട്ടപ്പോള്‍ 96 റൺസാണ് നേടിയത്.

86 റൺസ് കൂട്ടുകെട്ട് ശ്രേയസ്സ് അയ്യരെ(24) പുറത്താക്കി അകീൽ ഹൊസൈന്‍ ആണ് തകര്‍ത്തത്.  44 പന്തിൽ 76 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ ഡ്രേക്സ് ആണ് പുറത്താക്കിയത്. എട്ട് ഫോറും 4 സിക്സും നേടിയ താരവും പന്തും ചേര്‍ന്ന് 30 റൺസാണ് നേടിയത്.

സൂര്യകുമാര്‍ യാദവ് പുറത്തായെങ്കിലും ഋഷഭ് പന്ത് 33 റൺസ് നേടി ഇന്ത്യയെ 19 ഓവറിൽ വിജയത്തിലേക്ക് എത്തിച്ചു.