വീണ്ടും ഐ ലീഗ് മാജിക്, ഉജ്ജ്വല തിരിച്ചുവരവിൽ പൂനെയെ തറപറ്റിച്ച് ലജോങ്

സൂപ്പർ കപ്പിൽ വീണ്ടും ഐ എസ് എൽ ടീമിന് തോൽവി. ഷില്ലോങ് ലജോങ് ആണ് പൂനെ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ആദ്യം രണ്ടു ഗോൾ വഴങ്ങിയയെങ്കിലും ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ലജോങ് ജയം സ്വന്തമാക്കിയത്.  ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ സാമുവൽ ലാൽമുവാൻപുയയാണ് ലജോങ്ങിന്റെ തിരിച്ചു വരവ് പൂർത്തിയാക്കിയത്. കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയതാണ് പൂനെക്ക് തിരിച്ചടിയായത്. മലയാളി താരം ആഷിഖ് കുരുണിയൻ അടക്കം നിരവധി അവസരങ്ങളാണ് പൂനെ നഷ്ടപ്പെടുത്തിയത്.

മത്സരം തുടങ്ങി 22 മിനിറ്റ് ആവുമ്പോഴേക്കും രണ്ടു ഗോൾ അടിച്ചുകൊണ്ടാണ് പൂനെ  മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. ജോനാതൻ ലൂക്കയും മാഴ്‌സെലോ പെരേരയുമാണ് പൂനെയുടെ ഗോളുകൾ നേടിയത്. എന്നാൽ അധികം താമസിയാതെ കോഫിയിലൂടെ ലജോങ് ഒരു ഗോൾ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-1ന് പൂനെ മുൻപിലായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ രാകേഷ് പ്രദാനിലൂടെ ലജോങ് സമനില പിടിക്കുകയായിരുന്നു. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ലജോങ്ങിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ലജോങ് ഫോർവേഡ് കോഫിയെ പൂനെ ഗോൾ കീപ്പർ വിശാൽ കെയ്ത്ത് ഫൗൾ ചെയ്തതിനാണ് റഫറി ലജോങ്ങിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുത്ത സാമുവൽ ലാൽമുവാൻപുയ ഗോൾ നേടുകയായിരുന്നു. തുടർന്ന് സാമുവലിനെ ചവിട്ടിയതിന് പൂനെ താരം മർസെലിഞ്ഞോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പൂനെ മത്സരം പൂർത്തിയാക്കിയത്.

ഷില്ലോങ് ലജോങ് ക്വാർട്ടർ ഫൈനലിൽ ഐ ലീഗ് ക്ലബായ മോഹൻ ബഗാനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവോളി ചാമ്പ്യന്മാർക്കും പാരിതോഷികം പ്രഖ്യാപിച്ച് കേരള സർക്കാർ
Next articleവിവാദ ടെസ്റ്റിനു ശേഷം ന്യൂലാന്‍ഡ്സില്‍ കൊള്ളക്കാരുടെ ആക്രമണവും