45 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, ഇംഗ്ലണ്ടിനു ടി20 പരമ്പര

ടി20യില്‍ രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനു മറക്കാനാഗ്രഹിക്കുന്നൊരു ദിവസമായി മാറി മാര്‍ച്ച് 8. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വിയോടെ ഇംഗ്ലണ്ടിനു മുന്നില്‍ ടി20 പരമ്പര വിന്‍ഡീസ് അടിയറവു പറയുകയായിരുന്നു. സെയിന്റ് കിറ്റ്സില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 182/6 എന്ന സ്കോര്‍ നേടിയപ്പോള്‍ വിന്‍‍ഡീസ് 45 റണ്‍സിനു ഓള്‍ഔട്ട് ആയി 137 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

ജോ റൂട്ടിന്റെ അര്‍ദ്ധ ശതകവും സാം ബില്ലിംഗ്സിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 182 റണ്‍സ് എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്. 32/4 എന്ന നിലയിലേക്ക് വീണ ടീമിനെ ബില്ലിംഗ്സ്-ജോ റൂട്ട് കൂട്ടുകെട്ടാണ് തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ 82 റണ്‍സ് നേടിയ കൂട്ടുകെട്ടിനു അവസാനം സംഭവിച്ചത് 55 റണ്‍സ് നേടിയ ജോ റൂട്ട് റണ്ണൗട്ടായി പുറത്തായപ്പോളാണ്.

അതിനു ശേഷം സാം ബില്ലിംഗ്സ് സംഹാര താണ്ടവമാണ് കണ്ടത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായപ്പോള്‍ സാം ബില്ലിംഗ്സ് 47 പന്തില്‍ നിന്ന് 87 റണ്‍സാണ് നേടിയത്. 10 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ആറാം വിക്കറ്റില്‍ ഡേവിഡ് വില്ലിയുമായി 68 റണ്‍സാണ് ബില്ലിംഗ്സ് നേടിയത്. വില്ലി 13 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിര അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഷിമ്രണ്‍ ഹെറ്റ്മ്യറും കാര്‍ലോസ് ബ്രാത്‍വൈറ്റും മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയ താരങ്ങള്‍. ഇരുവരും പത്ത് റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് ജോര്‍ദ്ദന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version