Picsart 25 06 30 08 19 07 200

മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് റിലയൻസ് യൂത്ത് (RFYC) ടീമിന്റെ പരിശീലകൻ

മലയാളിയായ ഷമീൽ ചെമ്പകത്ത് പുതിയ പരിശീലക റോൾ ഏറ്റെടുത്തു.ഹൈദരാബാദ് എഫ് സിയുടെ പരിശീലകനായി പ്രവർത്തിച്ചിരുന്ന ഷമീൽ ഇപ്പോൾ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാമ്പ്യൻസിന്റെ (RFYC) U19 ടീമിന്റെ മുഖ്യ പരിശീലകനായാണ് ഷമീൽ ചുമതലയേറ്റത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു.

2021 മുതൽ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഉള്ള ഷമീൽ അവരുടെ അണ്ടർ 18 ടീമിന്റെയും റിസേർവ്സ് ടീമിന്റെയും മുഖ്യ പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ പകുതി മുതൽ അവരുടെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു. സീസൺ അവസാനത്തോടെ ഹൈദരാബാദ് വിടാൻ അദ്ദേഹം തീരുമാനിച്ചിരുന്നു.

ഹൈദരാബാദിൽ ചേരും മുമ്പ് 3 വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളുടെ പരിശീലക വേഷത്തിൽ ഷമീൽ ഉണ്ടായിരുന്നു.

തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയില്‍ കളി പഠിപ്പിച്ചു കോച്ചിംഗ് കരിയർ തുടങ്ങിയ ഷമീല്‍ 2010 മുതല്‍ സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂൾ ടീമിനേയും തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയേയും മുമ്പ് പരിശീലിപ്പിച്ചു. 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോക്കര്‍ സ്കൂള്‍ മലപ്പുറത്ത്‌ തുടങ്ങിയപ്പോള്‍ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയതും ഷമീൽ ആയിരുന്നു. മലപ്പുറം ജില്ല ജൂനിയര്‍ ടീമുകളെയും ഷമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

വിവ കേരള, ഗോവ വാസ്കോ, മൊഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയും കഴിവ് തെളിയിച്ച താരമാണ് ഷമീൽ. മുന്‍ കേരള യൂത്ത് ടീം വൈസ് ക്യാപ്റ്റനും ആയിട്ടുണ്ട്. 2007 ലെ പ്രി ഒളിമ്പിക്സ് ഇന്ത്യന്‍ അണ്ടര്‍ – 23 ടീം അംഗമായിരുന്ന ഷമീല്‍ രാജ്യാന്തരതലത്തിലും തന്റെ കളിമികവ് തെളിയിച്ചിട്ടുണ്ട്.

അരീക്കോട് പരേതനായ ചെമ്പകത്ത് അബ്ദുള്ളയുടെയും എം സി ജമീലയുടെയും പുത്രനാണ് ഷമീല്‍. കഴിഞ്ഞ വർഷം എ എഫ് സി പ്രൊ ലൈസൻസ് സ്വന്തമാക്കിയിരുന്നു.

Exit mobile version