Shameel Chembakath

മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് എ എഫ് സി പ്രൊ ലൈസൻസ് സ്വന്തമാക്കി

മലയാളിയായ ഷമീൽ ചെമ്പകത്ത് എ എഫ് സി പ്രൊ ലൈസൻസ് സ്വന്തമാക്കി. ഹൈദരാബാദ് എഫ് സിയുടെ സഹ പരിശീലകനായി പ്രവർത്തിക്കുകയാണ് ഷമീൽ ഇപ്പോൾ. മലയാളി പരിശീലകരായ ടി ജി പുരുഷോത്തമൻ, പ്രിയ പി വി എന്നിവർക്കും ഇന്നലെ പ്രോ ലൈസൻസ് ലഭിച്ചു.

2021 മുതൽ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഉള്ള ഷമീൽ അവരുടെ അണ്ടർ 18 ടീമിന്റെയും റിസേർവ്സ് ടീമിന്റെയും മുഖ്യ പരിശീലകനായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദിൽ പോകും മുമ്പ് 3 വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളുടെ പരിശീലക വേഷത്തിൽ ഷമീൽ ഉണ്ടായിരുന്നു.

തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയില്‍ കളി പഠിപ്പിച്ചു കോച്ചിംഗ് കരിയർ തുടങ്ങിയ ഷമീല്‍ 2010 മുതല്‍ സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂൾ ടീമിനേയും തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയേയും മുമ്പ് പരിശീലിപ്പിച്ചു. 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോക്കര്‍ സ്കൂള്‍ മലപ്പുറത്ത്‌ തുടങ്ങിയപ്പോള്‍ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയതും ഷമീൽ ആയിരുന്നു. റിലയന്‍സ് യംഗ് ചാമ്പ്സ് കേരളത്തില്‍ നിന്നും കൊണ്ട് പോയ കേരള ബ്ലാസ്റ്റേഴ്ര്‍സ് കോച്ചും ഷമീല്‍ തന്നെ ആയിരുന്നു .മലപ്പുറം ജില്ല ജൂനിയര്‍ ടീമുകളെയും ഷമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.

വിവ കേരള, ഗോവ വാസ്കോ, മൊഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയും കഴിവ് തെളിയിച്ച താരമാണ് ഷമീൽ. മുന്‍ കേരള യൂത്ത് ടീം വൈസ് ക്യാപ്റ്റനും ആയിട്ടുണ്ട്. 2007 ലെ പ്രി ഒളിമ്പിക്സ് ഇന്ത്യന്‍ അണ്ടര്‍ – 23 ടീം അംഗമായിരുന്ന ഷമീല്‍ രാജ്യാന്തരതലത്തിലും തന്റെ കളിമികവ് തെളിയിച്ചിട്ടുണ്ട്.

അരീക്കോട് പരേതനായ ചെമ്പകത്ത് അബ്ദുള്ളയുടെയും എം സി ജമീലയുടെയും പുത്രനാണ് ഷമീല്‍

Exit mobile version