ഒമ്പത് പേരായ ബൊളാഗ്നക്ക് എതിരെ അവസാന നിമിഷം സമനില പിടിച്ച് യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ ദുസാൻ വ്ലാഹോവിച് നേടിയ ഗോളിൽ സമനില കണ്ടത്തി യുവന്റസ്. മികച്ച പോരാട്ടം ആണ് മത്സരത്തിൽ ബൊളാഗ്ന ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന യുവന്റസിനു നൽകിയത്. എങ്കിലും കൂടുതൽ അവസരങ്ങൾ യുവന്റസ് ആണ് തുറന്നത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ യുവന്റസ് പിറകിൽ പോയി. സോറിയാണോയുടെ പാസിൽ നിന്നു തന്റെ 33 മത്തെ ജന്മദിനത്തിനു 3 ദിവസം ബാക്കിയുള്ളപ്പോൾ മാർകോ അർണോടോവിച് ആണ് ബൊളാഗ്നയുടെ ഗോൾ നേടിയത്.

ഗോൾ അടിക്കാനുള്ള യുവന്റസ് ശ്രമങ്ങൾ ആണ് പിന്നീട് കണ്ടത്. പലപ്പോഴും മത്സരം പരുക്കനായി. ഗോൾ അടിക്കാനുള്ള മൊറാറ്റയുടെ അവസരം നിരസിച്ചതിനു 84 മത്തെ മിനിറ്റിൽ ആദാമ സൊമാരെയെ റഫറി ചുവപ്പ് കാർഡ് കാണിച്ചു. വാർ പരിശോധനക്ക് ശേഷമാണ് റഫറി താരത്തിന് ചുവപ്പ് കാർഡും യുവന്റസിനു ഫ്രീകിക്കും നൽകിയത്. ഇതിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തിയ ഗാരി മെഡലിന് നേരെ റഫറി തുടർച്ചയായി രണ്ടു മഞ്ഞ കാർഡുകൾ വീശിയതോടെ ബൊളാഗ്ന ഒമ്പത് പേരായി ചുരുങ്ങി. തുടർന്ന് 95 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മൊറാറ്റയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ വ്ലാഹോവിച് യുവന്റസിനു ഒരു പോയിന്റ് സമ്മാനിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ നാലാമത് തന്നെ തുടരുകയാണ് യുവന്റസ്.