ഗോൾഡൻ ബൂട്ടുകാരെയും മറികടന്ന് സെൽഫ് ഗോൾ കുതിക്കുന്നു

റഷ്യൻ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ഇപ്പോൾ 3 ഗോളുകൾ വീതമുള്ള റഷ്യയുടെ ചെറിഷേഫും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുൻ തമ്മിലാണ്. പക്ഷേ ഇവർക്കും മുകളിൽ ഗോളുകൾ അടിച്ചുകൂട്ടി നിൽക്കുകയാണ് സാക്ഷാൽ സെൽഫ് ഗോൾ. ഇതുവരെ 5 സെൽഫ് ഗോളുകളാണ് ലോകകപ്പിൽ പിറന്നത്. ഇന്നലെ മാത്രം രണ്ടെണ്ണം. റഷ്യക്ക് വേണ്ടി ഈജിപ്ഷ്യൻ ഡിഫൻസിന്റെ ബൂട്ടിൽ നിന്നും സെനഗലിനു വേണ്ടി പോളണ്ടിന്റെ ബൂട്ടിൽ നിന്നും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെൽഫ് ഗോളുകളുടെ റെക്കോർഡ് ഈ ലോകകപ്പ് തകർത്തേക്കുമെന്നാണ് ഈ കണക്ക് സൂചനകൾ നൽകുന്നത്. 1998ലെ ലോകകപ്പിലായിരുന്നു ഏറ്റവും കൂടുതൽ സെൽഫ് ഗോളുകൾ ലോകകപ്പ് ചരിത്രത്തിൽ പിറന്നത്. അന്ന് ആറ് ഗോളുകളായിരുന്നു ഫ്രാൻസിൽ സെൽഫ് ഗോളായി രേഖപ്പെടുത്തിയത്. ഇത്തവണയാകട്ടെ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ തന്നെ അഞ്ച് സെൽഫ് ഗോളുകൾ ആണ് പിറന്നിരിക്കുന്നത്. ഇത്തവണ ഗോൾഡൻ ബൂട്ട് നേടുന്ന താരത്തിന് സെൽഫ് ഗോളിനേക്കാൾ ഗോളുകളുടെ എണ്ണം കുറവായാലും അത്ഭുതപ്പെടാനില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial