പുറത്താക്കാനായി ഒരു ടീം സിലക്ഷൻ!

ഐപിഎൽ അതിന്റെ സീസണിലെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ചില പുതിയ വാർത്തകൾ പറയുന്നത്, ബിസിസിഐ ഇപ്പോഴും പഴയ സീസണിൽ തന്നെയാണ് കളിക്കുന്നത് എന്നാണ്. ഒരു മാറ്റവുമില്ല ഒന്നിനും!

പറഞ്ഞു വരുന്നത് ഇന്ത്യൻ ടീം സിലക്ഷന്റെ കാര്യം തന്നെ. ഇക്കൊല്ലം T20 വേൾഡ് കപ്പ് നടക്കുന്നത് കൊണ്ട് ഇപ്പോൾ തിരഞ്ഞെടുത്ത ടീം അത് കൂടി മുന്നിൽ കണ്ടാവണം എന്നാണ് നമ്മൾ കരുതുക, എന്നാൽ അങ്ങനെയല്ല. സൗത്ത് ആഫ്രിക്കയുമായുള്ള 5 കളികളിൽ നല്ല പ്രകടനം നടത്തി ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയിലേക്ക് പറക്കണമെന്നതാണ് ശരിയായ രീതി. പക്ഷെ ബിസിസിഐ രീതി തനി രീതി എന്നും, കളിയെക്കാൾ വലിയ കളികളാണ് അവർ കളിക്കുക എന്നും നമുക്കറിയാം.
20220523 122732
നേരത്തെ ടീമിൽ ഉണ്ടായിരുന്ന മുൻനിര അംഗങ്ങളായ രോഹിത്, കോഹ്ലി, ബുംറ എന്നിവർക്ക് സൗത്ത് ആഫ്രിക്കയുമായുള്ള കളികളിൽ റെസ്റ്റ് അനുവദിച്ചിരിക്കുകയാണ്. അതായത് അവർ സൗത്ത് ആഫ്രിക്കൻ സീരീസ് കഴിഞ്ഞു തിരിച്ചു വരും എന്നർത്ഥം.

കാർത്തിക്, ഉമ്രാൻ, ഋതുരാജ്, കുൽദീപ് എന്നിവരെ കൊണ്ടു വന്നത് നല്ല തീരുമാനം. പക്ഷെ ഇഷാൻ, റിഷഭ് പന്ത്, ശ്രേയസ്, ഹൂഡ എന്നീ കളിക്കാർ വേണ്ടിയിരുന്നോ? പന്തിനെ ഫോമിന്റെ അടിസ്ഥാനത്തിലും, വൈസ് ക്യാപ്റ്റൻ എന്ന രീതിയിലും കൊണ്ടു വരാൻ യാതൊരു ന്യായീകരണവുമില്ല. ഐപിഎല്ലിൽ ഏറ്റവും വിമർശനം ഏറ്റ് വാങ്ങിയ ക്യാപ്റ്റനാണ്. വിക്കറ്റ് കീപ്പർ എന്ന നിലയിലും, ബാറ്റർ എന്ന നിലയിലും ഡികെ തന്നെ മുന്നിൽ. വൈസ് ക്യാപ്റ്റൻ ആകാനും യോഗ്യൻ. ഒരു സെക്കന്റ് കീപ്പർ എന്ന നിലയിൽ കൊണ്ടു വന്നതാണെങ്കിൽ, ഇഷാൻ എന്തിനാണ് എന്ന് ചോദിക്കേണ്ടി വരും. ഇഷാൻ ബാറ്റർ എന്ന നിലയിലാണ് തിരഞ്ഞെടുക്കപ്പെട്ടത് എങ്കിൽ, അതിലും എത്രയോ ഭേദമാണ് സഞ്ജു.

ബാറ്റേഴ്‌സ് എന്ന നിലയിൽ തിരഞ്ഞെടുത്ത മുകളിൽ പറഞ്ഞ കളിക്കാരെക്കാൾ മെച്ചപ്പെട്ടവർ പുറത്തു നിൽപ്പുണ്ട്. യശസ്വി, ധവാൻ, സഞ്ജു, റാണ..!

അപ്പഴാണ് യഥാർത്ഥ കളി മനസ്സിലാക്കേണ്ടത്. വിശ്രമം അനുവദിച്ചു പുറത്തു നിറുത്തിയവരെ വേൾഡ് കപ്പ് ടീമിലേക്ക് തിരികെ കൊണ്ടു വരണമെങ്കിൽ, ഈ ടീമിൽ നിന്ന് പുറത്താക്കാൻ ആള് വേണം. നന്നായി പെർഫോം ചെയ്യുന്നവരെ എടുത്താൽ പിന്നെ പുറത്താക്കാൻ ബുദ്ധിമുട്ടാകും. അതാണ് ഇപ്പോഴത്തെ സിലക്ഷൻ മാനദണ്ഡത്തിന്റെ രഹസ്യം. വേൾഡ് കപ്പ് ടീമൊക്കെ എപ്പഴേ തീരുമാനിച്ചു കഴിഞ്ഞു, ഈ സിലക്ഷനൊക്കെ ഒരു തമാശയല്ലേ!