സൗദി അറേബ്യ

കായിക വിപ്ലവത്തിന് സൗദി അറേബ്യ; കൂടുതൽ സ്വകാര്യവത്കരണം, ലക്ഷ്യം അടിമുടി മാറ്റം

കായിക രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ. എല്ലാ കായിക മേഖലകളിലും വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ബഹുമുഖ പദ്ധതി ഇന്ന് സൗദി പ്രഖ്യാപിച്ചു. ഫുട്ബോളിനെ തന്നെയാണ് ഇതിൽ കാര്യമായി ഉന്നം വെക്കുന്നതെങ്കിലും മറ്റ്‌ കായിക മേഖലകളിലും ഇതിന്റെ പ്രതിഫലനം പ്രതീക്ഷിക്കുന്നുണ്ട്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തന്നെയാണ് തങ്ങളുടെ സ്വപ്‍ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ഓടെ സൗദി പ്രോ ലീഗിനെ രണ്ടു ബില്യൺ ഡോളറിന്റെ ബിസിനസ് ആക്കി മാറ്റുക എന്നതടക്കം പദ്ധതിയുടെ ലക്ഷ്യമാണ്.

പ്രഖ്യാപനത്തിന്റെ പ്രധാന ലക്ഷ്യമായി ഉയർത്തി കാണിക്കുന്നത് ടീമുകളുടെ സ്വകാര്യവത്കാരണമാണ്. ഈ വർഷം അവസാനത്തോടെ ടീമുകളെ സ്വകാര്യവത്കരിച്ചു തുടങ്ങാനാണ് നീക്കം. ഇതോടെ കൂടുതൽ നിക്ഷേപങ്ങൾ ടീമിലേക്ക് എത്തിക്കാനാണ് ഉന്നമിടുന്നത്. പ്രൈവറ്റ് കമ്പനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്ക് ഇതോടെ ടീമുകളിൽ നിക്ഷേപം നടത്താം എന്നതാണ് മറ്റൊരു ലക്ഷ്യമായി പറയുന്നത്. എന്നാൽ ടീമിന്റെ ആകെ മൂല്യത്തിന് അനുസരിച്ചുള്ള തുകയെ ആകെ നിക്ഷേപമായി ഇറക്കാൻ സാധിക്കൂ.

പുതിയ നീക്കങ്ങളുടെ ഭാഗമായി കായിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, മേഖലയിൽ ആകെയുള്ള പ്രൊഫഷണലിസം, ഭരണക്രമം, എന്നിവ ലോകോത്തരമാക്കുക സാമ്പത്തിക സ്ഥിരത കൈവരിക്കുക, ടീമുകളുടെ മത്സര ശേഷിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നിവയാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. മാറ്റങ്ങൾ വരുന്നതോടെ പടിഞ്ഞാറൻ രാജ്യങ്ങളെ കവച്ചു വെക്കുന്ന രീതിയിലേക്ക് കായിക മേഖല വളരുമെന്നാണ് സൗദി കരുതുന്നത്.

ഇതിന് പിറകെ ന്യൂകാസിൽ ഉടമകൾ കൂടിയായ സൗദിയുടെ പിഐഎഫ് (പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. ഫുട്ബോൾ ക്ലബ്ബുകളായ അൽ-ഇത്തിഹാദ്, അൽ-അഹ്ൽ, അൽ-നാസർ, അൽ-ഹിലാൽ എന്നിവ കമ്പനികൾ ആയി മാറും. പിഐ എഫും മറ്റൊരു നോൺ-പ്രൊഫിറ്റ് ഫൗണ്ടേഷനും ആവും ഇനി ടീമുകളുടെ മേൽനോട്ടം വഹിക്കുക. ഇതിൽ തന്നെ ടീമിന്റെ 75% ഉടമസ്ഥാവകാശം പിഐഎഫിന്റെ പക്കലും ആവും. സ്പോൺസർഷിപ്പ് അടക്കം വൻ കുതിച്ചു ചാട്ടമാണ് ഇതോടെ പ്രതീക്ഷിക്കുന്നത്. ഏതായാലും കായിക മേഖലയിൽ സൗദി മാറ്റങ്ങൾ കൊണ്ടു വരുന്നത് യൂറോപ്യൻ ഫുട്ബോളിൽ അടക്കം പ്രതിഫലിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Exit mobile version