രാംകോ കെപിഎല്‍: കേരള പോലീസ് പുറത്ത്, ബാസ്‌കോയും സാറ്റ് തിരൂറും സെമിഫൈനലില്‍

കൊച്ചി/തൃശൂര്‍: തിരൂര്‍ സാറ്റും, ബാസ്‌കോ ഒതുക്കുങ്ങലും രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ സെമിഫൈനലില്‍ കടന്നു. എ ഗ്രൂപ്പില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ബാസ്‌കോ ഒതുക്കുങ്ങല്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ഐഫയെ തകര്‍ത്തു. സാറ്റ്, കേരള പൊലീസിനെ 1-1ന് സമനിലയില്‍ തളച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സാറ്റ് നിര്‍ണായക സമനില പിടിച്ചെടുത്തത്. ജയത്തോടെ ബാസ്‌കോ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഒരു മത്സരം ബാക്കിയുള്ള ടീമിന് 21 പോയിന്റുണ്ട്. 20 പോയിന്റുള്ള സാറ്റിനും ഒരു മത്സരം ബാക്കിയുണ്ട്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പൊലീസിന് 20 പോയിന്റുണ്ടെങ്കിലും അവസാന മത്സരം സാറ്റ് തോറ്റാലും ഗോള്‍ വ്യത്യാസം സാറ്റിന് തുണയാവും. ഗ്രൂപ്പിലെ ടോപ്പര്‍ ആരായിരിക്കുമെന്ന് അറിയാന്‍ ഇരുടീമുകളുടെയും അവസാന മത്സരം വരെ കാത്തിരിക്കണം. Img 20220404 Wa0088

ബി ഗ്രൂപ്പില്‍ നിന്ന് ഗോള്‍ഡന്‍ ത്രെഡ്‌സും, കെഎസ്ഇബിയും നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. തൃശൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജാക്ക് എസോംബെ (18), അബ്ദു റഹീം (45), മുഹമ്മദ് ആഷിഖ് എസ് (52), നസറുദ്ദീന്‍ (57), വിഷ്്ണു ടി.എം (87) എന്നിവരാണ് ബാസ്‌കോയുടെ സ്‌കോറര്‍മാര്‍. ബാസ്‌കോയുടെ നൗഫല്‍ പി.എന്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലം സായി സെന്റര്‍, എംഎ അക്കാദമിയെ മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചു കെപിഎലിലെ നൂറാം മത്സരമായിരുന്നു ഇത്. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് എം.എ തിരിച്ചുവവരവ് നടത്തിയത്, പക്ഷേ ജയിക്കാനായില്ല. സായിക്കായി സൂരജ് കുമാറും, എംഎക്കായി അസ്‌ലം അലിയും ഇരട്ടഗോളുകള്‍ നേടി. സൂരജ് കുമാര്‍ കളിയിലെ താരമായി. ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് സായി സീസണ്‍ അവസാനിപ്പിച്ചു. 9 മത്സരങ്ങളില്‍ ഏഴിലും തോറ്റ എംഎ അവസാന സ്ഥാനത്ത് തുടര്‍ന്നു. Img 20220404 Wa0089

പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കേരള ബ്ലാസ്റ്റേ്‌ഴ്‌സ് എഫ്‌സി ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. നേരത്തെ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഡോണ്‍ബോസ്‌കോയെ 2-1നാണ് തോല്‍പ്പിച്ചത്. ഗോള്‍കീപ്പര്‍ റെഡ്കാര്‍ഡ് കണ്ടതിനാല്‍ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്. 47ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയ ആദില്‍ അബ്ദുല്ലയാണ് കളിയിലെ താരം. 10 കളിയില്‍ നിന്ന് ടീം 9 പോയിന്റ് നേടി 9ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഡോണ്‍ബോസ്‌കോയുടെ മത്സരങ്ങളും പൂര്‍ത്തിയായി. 12 പോയിന്റുള്ള അവര്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Img 20220404 Wa0087

ചൊവ്വാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ട്രാവന്‍കൂര്‍ റോയല്‍ എഫ്‌സി, ലിഫയെ നേരിടും. വൈകിട്ട് നാലിനാണ് കളി. സ്‌പോര്‍ട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലില്‍ തത്സമയം കാണാം.