പൊരുതി നോക്കി സഞ്ജു, 9 റൺസ് വിജയം നേടി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 250 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ ടീം 51/4 എന്ന നിലയിലേക്ക് വീണു. ഇന്ത്യയെ 240/8 എന്ന സ്കോറിൽ ഒതുക്കിയാണ് ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിൽ 9 റൺസ് വിജയം നേടിയത്.

ധവാനും ഗില്ലും വേഗത്തിൽ പുറത്തായപ്പോള്‍ റുതുരാജും(19) ഇഷാന്‍ കിഷനും(20) വേഗത്തിൽ സ്കോറിംഗ് നടത്തുവാന്‍ ബുദ്ധിമുട്ടി. 37 പന്തിൽ അര്‍ദ്ധ ശതകം തികച്ച ശ്രേയസ്സ് അയ്യര്‍ (50) പുറത്താകുമ്പോള്‍ ഇന്ത്യ 118/5 എന്ന നിലയിലായിരുന്നു.

സഞ്ജുവും ശര്‍ദ്ധുൽ താക്കുറും ചേര്‍ന്ന് ആറാം വിക്കറ്റിൽ 93 റൺസ് നേടിയെങ്കിലും 38ാം ഓവറിൽ ലുംഗി എന്‍ഗിഡി 33 റൺസ് നേടിയ താക്കൂറിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. തൊട്ടടുത്ത പന്തിൽ കുൽദീപ് യാദവിനെയും എന്‍ഗിഡി പുറത്താക്കി.

അവസാന ഓവറിൽ 30 റൺസ് വേണ്ട ഘട്ടത്തിൽ സഞ്ജു മൂന്ന് ഫോറും ഒരു സിക്സും നേടിയെങ്കിലും 20 റൺസ് മാത്രമാണ് ഓവറിൽ നിന്ന് വന്നത്. ഇന്ത്യന്‍ ഇന്നിംഗ്സ് 240/8 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 9 റൺസ് വിജയം നേടി.

സഞ്ജു 63 പന്തിൽ 86 റൺസ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.