അത്ഭുതങ്ങൾ ഇല്ല, ചരിത്രത്തിലേക്ക് ഒരു ഗോൾ മാത്രം സലായ്ക്ക് സമ്പാദ്യം

- Advertisement -

ഈജിപ്തിന്റെ 28 വർഷത്തെ കാത്തിരിപ്പായിരുന്നു ഒരു ലോകകപ്പിൽ കളിക്കുക എന്നത്. സലാ ജനിക്കുന്നതിനും മുമ്പായിരുന്നു ഈജിപ്തിന്റെ അവസാന ലോകകപ്പ്. ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് ഈജിപ്തിനെ എത്തിക്കാൻ സലായ്ക്കായി. പക്ഷെ ലോകകപ്പിൽ മുന്നേറുക എന്നത് ഇത്തവണ ഈജിപ്തിനാവില്ല. പരിക്കിൽ നിന്നു രക്ഷപ്പെട്ട് സലാ എത്തിയിട്ടും നോക്കൗട്ട് എന്ന ലക്ഷ്യത്തിലേക്കെത്താൻ ആകാതെ ഈജിപ്ത് മടങ്ങേണ്ട അവസ്ഥയാണ്.

ഇന്നത്തെ റഷ്യയോടേറ്റ പരാജയം ഈജിപ്തിനെ പുറത്തേക്കുള്ള വഴി തന്നെയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഉറുഗ്വേ ഒരു പോയന്റ് നേടിയാൽ ഈജിപ്തിന്റെ പുറത്താകൽ ഔദ്യോഗികമാകും. സലായുടെ പരിക്ക് തന്നെയാണ് ഈജിപ്തിനെ വലച്ചത് എന്ന് പറയാം. ലോകകപ്പ് ഒരുക്കത്തിനൊപ്പം ഇല്ലാത സലായ്ക്ക് ഗ്രൂപ്പിലെ ഏറ്റവും വലിയാ പോരാട്ടമായ ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനും ഇറങ്ങാനായില്ല. ഉറുഗ്വേക്ക് എതിരെ അവസാന നിമിഷത്തിൽ പിറന്ന ഗോളായിരുന്നു ഈജിപ്തിന്റെ സ്വപ്നങ്ങൾക്കുള്ള ആദ്യ പ്രഹരം.

ഇന്ന് ഫിറ്റ്നെസ് വീണ്ടെടുത്ത സലാ ഇറങ്ങി എങ്കിലും ആതിഥേയരുടെ നാട്ടിൽ ആതിഥേയർക്കെതിരെ വിജയിക്കുക എന്നത് ഫുട്ബോളിൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഒപ്പം നിർഭാഗ്യത്തിന്റെ ഒരു ഓൺ ഗോൾ സകല താളവും തെറ്റിക്കുക കൂടെ ചെയ്താൽ!! സലായെ എന്തു വിലകൊടുത്തും പൂട്ടാനാണ് ഇന്ന് റഷ്യ ശ്രമിച്ചത് എങ്കിലും തനിക്ക് പന്ത് കിട്ടിയപ്പോഴെല്ലാം ഡിഫൻസിനെ ചലിപ്പിക്കാൻ സലായ്ക്കായി. അവസാനം ഒരു പെനാൾട്ടിയും സലാ സ്വന്തമാക്കി.

ആ പെനാൾട്ടി വലയിൽ എത്തിച്ച് 1990ന് ശേഷമുള്ള ഈജിപ്തിന്റെ ആദ്യ ലോകകപ്പ് ഗോൾ നേടാനും സലായെ കൊണ്ടായി. 1990ൽ മഗ്ദി അബ്ദുൽഗനി ഈജിപ്തിനായി അവസാന ഗോൾ നേടിയതും ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു. ഈ ഗോൾ നേട്ടം ഈജിപ്തിനായി ലോകകപ്പിൽ ഹോൾ നേടുന്ന മൂന്നാമത്തെ താരമായും സലായെ മാറ്റി. ഇതിനു മുമ്പ് അബ്ദുൽഗനിയും(1990), അബ്ദുൽറ്ഹ്മാൻ ഫവ്സിയും(1934) മാത്രമാണ് ഈജിപ്തിനായി ലോകകപ്പ് ഗോളുകൾ നേടുയിട്ടുള്ളത്.

നോക്കൗട്ടിൽ എത്താതിൽ സലായ്ക്കും സംഘത്തിനും നിരാശയുണ്ടാകുമെങ്കിലും അവസാന മത്സരത്തിൽ സൗദിയെ കീഴടക്കി ഒരു വിജയം സ്വന്തമാക്കി ഇനിയും ഇതുവഴി വരും താമസിയാതെ എന്ന് പറയാനാകും ഈജിപ്ഷ്യൻ പട ഇപ്പോൾ കാത്തുനിൽക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement