സലാ താരമായി!! ഗോളടിച്ചു കൂട്ടി തന്നെ ലിവർപൂൾ തുടങ്ങി!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ലിവർപൂളിന്റെ വമ്പൻ ജയത്തോടെ തുടക്കം. ഇന്ന് ആൻഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ പ്രീമിയർ ലീഗിലേക്ക് പുതിയതായി എത്തിയ നോർവിച്ച് സിറ്റിയെ ആണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ലിവർപൂളിന്റെ വിജയം. ഈജിപ്ഷ്യൻ താരം സലയാണ് ഒരു ഗോളും ഒരു അസിസ്റ്റുമായി ഇന്ന് താരമായത്.

കളിയുടെ തുടക്കത്തിൽ തന്നെ ഗംഭീര പ്രസിംഗ് നടത്തിയ ലിവർപൂളിന് ഒരു സെൽഫ് ഗോളിലൂടെയാണ് ലീഡ് ലഭിച്ചത്. ഇടതു വിങ്ങിൽ നിന്ന് ഒറിഗി കൊടുത്ത ക്രോസ് നോർവിച് ഡിഫൻഡർ ഹാൻലി സ്വന്തം വലയിലേക്ക് തന്നെ എത്തിക്കുകയായിരുന്നു. ഇതിനു പിന്നാലെ സലായുടെ വകയും ഗോൾ വന്നു. ആദ്യ പകുതിയിൽ തന്നെ ആയിരുന്നു ലിവർപൂളിന്റെ നാലു ഗോളുകളും പിറന്നത്. വാൻ ഡൈകും ഒറിഗിയും ആണ് മറ്റു സ്കോറെഴ്സ്.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച നോർവിച് പുക്കിയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി. മത്സരം വിജയിച്ചു എങ്കിലും ഗോൾകീപ്പർ അലിസണ് പരിക്കേറ്റത് ലിവർപൂളിന് നിരാശ നൽകുന്നുണ്ട്.

Exit mobile version