സാഫ് അണ്ടർ – 17; ഭൂട്ടാനെ തോൽപ്പിച്ച് ഇന്ത്യക്ക് അരങ്ങേറ്റം

1500x900 37328 Untitled Design 2022 09 04t175522884

അണ്ടർ 17 സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. കൊളോമ്പോയിലെ റേസ്കോഴ്‌സ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഭൂട്ടാനെ ഇന്ത്യ കെട്ടുകെട്ടിച്ചു. ടീമിന് വേണ്ടി മുന്നേറ്റ താരം ഗാങ്തെ രണ്ടു ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ ക്യാപ്റ്റൻ ഗുയ്തെ സ്വന്തം പേരിൽ കുറിച്ചു.

മത്സരം ആരംഭിച്ച് പത്താം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡ് എടുത്തു. റിക്കി മീതെയ് വലത് പാർശ്വത്തിൽ നിന്നും നൽകിയ ക്രോസ് പോസ്റ്റിന് തൊട്ടു മുൻപിൽ നിൽക്കുകയായിരുന്ന ഒൻപതാം നമ്പർ ഗാങ്തെ അനായാസം വലയിൽ എത്തിച്ചു. ഇരു ടീമുകളും ഗോളിന് വേണ്ടി ശ്രമിക്കുന്നമതിനിടയിൽ ഇന്ത്യ ലീഡ് ഇരട്ടിപ്പിച്ചു. പതിനാറാം മിനിറ്റിൽ കോറു സിങ് നൽകിയ ക്രോസ് ആണ് ഗാങ്തെ ഗോളിലേക്ക് തിരിച്ചു വിട്ടത്. രണ്ടു ഗോളിന്റെ ലീഡുമായിട്ടാണ് ഇന്ത്യ ആദ്യ പകുതിക്ക് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ വീണ്ടും ഗോൾ കണ്ടെത്തി. വലത് ഭാഗത്ത് നിന്നും ഗാങ്തെയെ ലക്ഷ്യം വെച്ചു വന്ന ക്രോസ് ഭൂട്ടാൻ പ്രതിരോധ താരങ്ങൾ ക്ലിയർ ചെയ്തത് ബോക്സിനുള്ളിൽ മാർക് ചെയ്യപ്പെടാതെ നിന്ന ക്യാപ്റ്റൻ ഗുയ്തെയുടെ കാലുകളിലേക്കാണ് എത്തിയത്. താരം അനായാസം പന്ത് വലയിൽ എത്തിച്ചു.

ഒൻപതാം തിയ്യതി നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും.