200 റണ്സ് എടുത്തിട്ടും ജയിച്ചവരെ, 150ൽ തോൽപ്പിക്കാനുള്ള ശ്രമം പാളി!

Picsart 22 06 13 11 41 22 710

നിങ്ങൾ മറിച്ചൊരു ഫലം പ്രതീക്ഷിച്ചിരുന്നോ? ബിസിസിഐ പോലും അത് ആഗ്രഹിച്ചിട്ടുണ്ടാകില്ല എന്നുറപ്പാണ്. സൗത്ത് ആഫ്രിക്കയുമായുള്ള രണ്ടാം ടി20 മത്സരവും ഇന്ത്യ ദയനീയമായി തോറ്റു. ഒരു ചെറുത്തു നിൽപ്പ് പോലും കണ്ടില്ല.

കളി കഴിഞ്ഞു കളിക്കാരെ കുറ്റം പറയാൻ എളുപ്പമാണ്. പക്ഷെ പറയേണ്ടത് ശരിക്കും ഇവരെ തിരഞ്ഞെടുത്തവരെയാണ്. മുൻനിര കളിക്കാർക്ക് വിശ്രമം നൽകി പുതുതലമുറ ടീം എന്ന നിലയിൽ തിരഞ്ഞെടുത്ത ടീമാണ് ഇത്. തിരഞ്ഞെടുപ്പിൽ പാളിച്ചയുണ്ടായി എന്നു തുടക്കം മുതൽ ആക്ഷേപമുണ്ട്.
20220613 114035
ഐപിഎൽ പ്രകടനം വച്ചു നോക്കിയാൽ ഋഷബ് ക്യാപ്റ്റൻ സ്ഥാനത്തിന് യോജിച്ച ആളല്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലക്കും ഡികെയെ കൊണ്ടു വരേണ്ടിയിരിന്നു. ക്രിക്കറ്റ് ജീവിതത്തിൽ ഏറിയ പങ്കും വിക്കറ്റിന് പുറകിൽ കളിച്ച ഡികെയും, ഇഷാനും ഫീൽഡിൽ കളിക്കുന്നത് എത്രമാത്രം ഉചിതമാണ് എന്നത് വേറൊരു പ്രശ്നം.

കഴിഞ്ഞ കളിയിലെ പോലെ തന്നെ ആദ്യ ഓവറുകളിൽ സൗത്ത് ആഫ്രിക്കയെ പിടിച്ചു കെട്ടിയ നമ്മുടെ ബോളർമാർ പിന്നീട് നിസ്സഹായരാകുന്ന കാഴ്ചയാണ് കണ്ടത്. 200 റണ്സ് കൊണ്ട് തടുക്കാൻ സാധിക്കാത്ത ടീമിനെ 150 റണ്സ് കൊണ്ട് തടുക്കാൻ തന്ത്രങ്ങൾ മാറ്റി പയറ്റാൻ ഋഷബിന് ആയില്ല.

ബാറ്റിംഗ് നിരയിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ ദിനേശ് കാർത്തിക്കിനെ കൊണ്ട് വരാൻ വൈകി. കുറച്ചു കൂടി സമയം ഡികെക്ക് കൊടുത്തിരുന്നെങ്കിൽ ഒരു 175 എങ്കിലും എത്തിക്കാൻ സാധിച്ചേനെ.

ഇന്ത്യയുടെ വേൾഡ് കപ്പ് തയ്യാറെടുപ്പ് തുടക്കത്തിൽ തന്നെ പാളുന്ന കാഴ്ച്ചയാണ് കാണുന്നത്. രാഹുൽ ദ്രാവിഡിൽ നമുക്ക് വിശ്വസിക്കാം, വേണ്ട മാറ്റങ്ങൾ വരുത്തും എന്നു കരുതാം. പക്ഷെ ഇക്കൊല്ലത്തെ വേൾഡ് കപ്പ് കഴിഞ്ഞിട്ട് മതി അതിന്റെയടുത്ത വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പ് എന്ന വിനീതമായ ഒരു അഭ്യർത്ഥന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുണ്ട്.