വീണ്ടും റഷ്യൻ മാജിക്, ഈജിപ്ത് പുറത്തേക്ക്

സാലയുടെ തിരിച്ചുവരവിൽ പ്രതീക്ഷയർപ്പിച്ച് ഇറങ്ങിയ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റഷ്യ അടുത്ത റൗണ്ടിലേക്ക് അടുത്തു. ഇന്നത്തെ തോൽവിയോടെ ഈജിപ്ത് ടൂർണമെന്റിൽ നിന്ന് ഏകദേശം പുറത്തായി. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഈജിപ്ത് അടുത്ത റൗണ്ടിലെത്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും വീണത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ച ആദ്യ പകുതിയിൽ ഗോൾ മാത്രം വീണില്ലെങ്കിലും രണ്ടാം പകുതിയിൽ ഗോൾ മഴയാണ് മത്സരത്തിൽ കണ്ടത്.

രണ്ടാം പകുതി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ സെൽഫ് ഗോളിലൂടെ റഷ്യ മുൻപിലെത്തി. ഈജിപ്ത് താരം ഫാതിയുടെ കാലിൽ തട്ടിയ പന്ത് സ്വന്തം വലയിൽ തന്നെ പതിക്കുകയായിരുന്നു. ഒരു ഗോൾ നേടിയതോടെ ഗോൾ തിരിച്ചടിക്കാൻ രണ്ടും കൽപ്പിച്ചു ആക്രമിക്കാൻ ഇറങ്ങിയ ഈജിപ്തിനെ ഞെട്ടിച്ചു റഷ്യ വീണ്ടും ഗോൾ നേടി. ചെറിഷേവ് ആണ് റഷ്യക്ക് വേണ്ടി രണ്ടമത്തെ ഗോൾ നേടിയത്. റഷ്യ ലോകകപ്പിൽ ചെറിഷേവിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. രണ്ടാമത്തെ ഗോളിന്റെ ആഘോഷം തീരുമുൻപ് ഈജിപ്ത് വലയിൽ റഷ്യ മൂന്നാമതും പന്ത് എത്തിച്ചു റഷ്യ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.  ഇത്തവണ റഷ്യക്ക് വേണ്ടി ഗോൾ നേടിയത് ഡിസ്യൂബയായിരുന്നു.

73ആം മിനുട്ടിൽ വാറിന്റെ സഹായത്തോടെ ലഭിച്ച പെനാൽറ്റിയിലൂടെ ഈജിപ്ത് ഒരു ഗോൾ തിരിച്ചടിച്ചു ചെറിയ പ്രതീക്ഷ നിലനിർത്തി.  പെനാൽറ്റി ബോക്സിൽ സാലയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സാല താന്നെ ഗോളാക്കിയാണ് ഈജിപ്തിന് പ്രതീക്ഷ നൽകിയത്. എന്നാൽ ബാക്കിയുള്ള സമയം ഈജിപ്ത് ആക്രമണത്തെ സമർത്ഥമായി ചെറുത്തു നിന്ന റഷ്യൻ പ്രതിരോധം കൂടുതൽ ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial